കൽപറ്റ ∙ ആവേശ അലതല്ലിയ അന്തരീക്ഷത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ജില്ലയിൽ കലാശക്കൊട്ട്. ജില്ലാ ആസ്ഥാനമായ കൽപറ്റയിലും താലൂക്ക്–പഞ്ചായത്ത് ആസ്ഥാനങ്ങളിലും മാത്രമല്ല, വാർഡ് തലത്തിൽ വരെ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറുകൾ പാർട്ടി പ്രവർത്തകർ ഒഴുകിയെത്തി ആഘോഷമാക്കി.
നാളെയാണ് ജില്ലയിൽ തിരഞ്ഞെടുപ്പ്. ഇന്നു നിശ്ശബ്ദപ്രചാരണം.മുദ്രാവാക്യം മുഴക്കിയും മേളക്കൊഴുപ്പോടെയും കലാശക്കൊട്ട് പ്രവർത്തകരും നേതാക്കളും കൊടിമുടി കയറ്റി.
പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ അലയൊലികൾ ഇന്നലെ രാവിലെ മുതൽ നഗര–ഗ്രാമ വീഥികളിൽ പ്രകടമായിരുന്നു.
സ്ഥാനാർഥികളെ പ്രകീർത്തിച്ചു കൊണ്ടുള്ള പ്രചാരണ വാഹനങ്ങൾ തുടരെ ഓടി. നാടും നഗരവും ഇളക്കി മറിക്കുന്നതായിരുന്നു പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ.
തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങൾ അനൗൺസ് ചെയ്തും തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചും വിവിധ കക്ഷികളുടെ ചിഹ്നമുള്ള തൊപ്പികളും വസ്ത്രങ്ങളും ധരിച്ചും വമ്പൻ പതാകകളുമേന്തി പ്രവർത്തകർ കലാശക്കൊട്ട് കളറാക്കി.
കൽപറ്റയെ ഇളക്കി മറിച്ച് കലാശക്കൊട്ട്
വൈകിട്ടു മൂന്നരയോടെ കൽപറ്റ നഗരം വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ചെറുറാലികൾ നഗരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.
വൈകിട്ട് നാലോടെ എൽഡിഎഫ് പ്രവർത്തകരാണ് ആദ്യം റാലിയുമായി എത്തിയത്. പിന്നാലെ യുഡിഎഫ് പ്രവർത്തകരുമെത്തി.
ചുങ്കം ജംക്ഷൻ കേന്ദ്രീകരിച്ചായിരുന്നു 2 മുന്നണികളുടെയും കലാശക്കൊട്ട്. സംഘർഷസാധ്യത ഒഴിവാക്കാനായി കൽപറ്റി സിഐ എ.യു.ജയപ്രകാശിന്റെ നേതൃത്വത്തിൽ വൻപൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. പിന്നാലെ എൻഡിഎ പ്രവർത്തകരുമെത്തി. ഹെഡ് പോസ്റ്റ് ഓഫിസിനു മുൻവശം കേന്ദ്രീകരിച്ചായിരുന്നു എൻഡിഎ പ്രവർത്തകരുടെ കലാശക്കൊട്ട്.
എൽഡിഎഫ് പ്രവർത്തകരുടെ കലാശക്കൊട്ടിന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, ഏരിയ സെക്രട്ടറി വി.ഹാരിസ്, ആർജെഡി ജില്ലാ പ്രസിഡന്റ് ഡി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
യുഡിഎഫ് കലാശക്കൊട്ടിനിടെ മുദ്രാവാക്യം വിളികളുമായി ടി.സിദ്ദീഖ് എംഎൽഎ പ്രചാരണ വാഹനത്തിനു മുകളിൽ കയറിയതോടെ പ്രവർത്തകർ ആവേശത്തിലായി. ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, കെപിസിസി അംഗം പി.പി.ആലി, ഗിരീഷ് കൽപറ്റ, പി.കെ.മുരളി, മുസ്ലിം ലീഗ് നേതാക്കളായ കേയംതൊടി മുജീബ്, റസാഖ് കൽപറ്റ, എ.പി.ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഉത്സവാന്തരീക്ഷത്തിൽ ബത്തേരിയിലെ കലാശക്കൊട്ട്
ബത്തേരി∙ തദ്ദേശി തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ബത്തേരിയിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
ആരോഗ്യപരമായിട്ടാണ് എൽഡിഎഫ്–യുഡിഎഫ് മുന്നണികൾ ടൗണിൽ റാലിയായെത്തി സ്വതന്ത്രമൈതാനത്ത് മുഖാമുഖം നിന്ന് ആർപ്പു വിളിച്ചത്. എൽഡിഎഫ് കോട്ടക്കുന്നിൽ നിന്ന് പ്രകടനം ആരംഭിച്ച് സ്വതന്ത്രമൈതാനത്തിന് സമീപം ട്രാഫിക് ജംക്ഷനിൽ അവസാനിപ്പിച്ചു.
യുഡിഎഫ് അസംപ്ഷൻ ജംക്ഷനിൽ നിന്ന് തുടങ്ങി ട്രാഫ്ക് ജംക്ഷനിൽ കലാശക്കൊട്ട് നടത്തി. ഇരുവിഭാഗത്തെയും ഇടകലർത്താതെ പൊലീസ് ട്രാഫിക് ജംക്ഷനിൽ പ്രതിരോധം തീർത്തു.
പരസ്പരം ചീത്ത വിളിക്കാതെയും പ്രകോപനമുണ്ടാക്കാതെയുമായിരുന്നു ഇരു മുന്നണികളും കൊട്ടും പാട്ടും ഡാൻസും പ്രസംഗവുമായെത്തിയത്.
എൻഡിഎ കലാശക്കൊട്ടിന് ടൗണിലേക്കെത്തിയില്ല. അതാത് വാർഡു തലങ്ങളിലായിരുന്നു അവരുടെ പ്രചരണ സമാപനം. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം സ്ഥാനാർഥികളും കലാശക്കൊട്ടിന് പ്രകടനമായെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

