
നിരവിൽപുഴ ∙ കരുവളം റോഡിലെ താൽക്കാലിക പാലം പൊളിച്ചു നീക്കാൻ ധാരണയായി. നിരവിൽപുഴയിലെ പ്രധാന പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി ബദൽ പാത ഒരുക്കുന്നതിനു വേണ്ടി നിർമിച്ച പാലം ആണിത്.
പൈപ്പുകൾക്കു മുകളിൽ കോൺക്രീറ്റ് ചെയ്ത് താൽക്കാലികമായി നിർമിച്ച പാലം പ്രധാന പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ പൊളിച്ചു മാറ്റാൻ ആയിരുന്നു തീരുമാനം. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ ഇത് പൊളിച്ചു മാറ്റാനുള്ള നടപടി എടുത്തില്ല.
പാലത്തിന് അടിയിൽ സ്ഥാപിച്ച പൈപ്പുകൾ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സമാകുകയും പുഴയിലൂടെ ഒഴുകി വരുന്ന മരങ്ങളും മറ്റ് വസ്തുക്കളും ഈ പൈപ്പുകളിൽ തട്ടി നിന്ന് വെള്ളം ഗതിമാറി ഒഴുകുകയും ചെയ്യുന്നതിനാൽ പ്രദേശത്ത് കൃഷി നാശം പതിവായിരുന്നു. കൃഷിയിടങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോകാത്ത അവസ്ഥ ആയതോടെ പലയിടങ്ങളിലും കൃഷി മുടങ്ങി.
മഴക്കാലത്ത് പുഴയിൽ വെള്ളം തങ്ങിനിന്നു ഇതിനു സമീപത്തെ മുണ്ടക്കൊമ്പ് പാലം, ഓടപ്പാലം എന്നിവ വെള്ളത്തിനടിയിലാവുകയും കേളോത്ത്, പാലിയോട്ടിൽ, മുണ്ടക്കൊമ്പ് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ പുറം ലോകത്ത് എത്താനാവാതെ ഒറ്റപ്പെടുന്നതും പതിവായി. അതോടെയാണ് പാലം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായത്.
പാലം പൊളിച്ചാൽ ഈ റോഡ് കടന്നു പോകുന്ന ഭാഗത്തെ വിവിധ പ്രദേശങ്ങളിൽ എത്താൻ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന പരാതിയുമായി ഒരു വിഭാഗം നാട്ടുകാരും രംഗത്തെത്തിയിരുന്നു. തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ മേഖലയിലും ഉള്ളവരെ ഉൾപ്പെടുത്തി യോഗം ചേർന്നത്.പാലം പൊളിച്ചു മാറ്റാനും സൗകര്യപ്രദമായ രീതിയിൽ പുതിയ പാലം നിർമിക്കാൻ സർക്കാരിന് അപേക്ഷ നൽകാനും യോഗത്തിൽ തീരുമാനമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]