കൊരട്ടി ∙ മുരിങ്ങൂർ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്താനായി സൂക്ഷിച്ചിരുന്ന 2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ബാങ്കിൽ പണയം വച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി തേനായി അശ്വന്തിനെയാണ് (34) ഇൻസ്പെക്ടർ അമൃതരംഗൻ അറസ്റ്റ് ചെയ്തത്.
ക്ഷേത്രം പ്രസിഡന്റ് രാജീവ് ഉപ്പത്തിന്റെ പരാതിയിലാണു കേസ് എടുത്തത്. 2020 ഫെബ്രുവരി 2നാണു അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്കെത്തിയത്.
അന്നു മുതൽ ക്ഷേത്രം കമ്മറ്റി ശ്രീകേവിലിലെ വിഗ്രഹത്തിൽ ചാർത്താനുള്ള സ്വർണാഭാരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ടു പാത്രങ്ങളുടെയും ചുമലത അശ്വന്തിനാണു നൽകിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ശ്രീകോവിലിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ എല്ലാം അവിടെ തന്നെയില്ലെന്നു കമ്മിറ്റി അംഗങ്ങൾക്കു സംശയം തോന്നിയതോടെ അശ്വന്തിനോടു തിരുവാഭരണങ്ങൾ കാണിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാ കമ്മിറ്റി അംഗങ്ങളും വന്നാൽ മാത്രമേ കാണിക്കാനാകൂ എന്നു പറഞ്ഞൊഴിഞ്ഞു.
ഞായർ രാവിലെ 9.30ന് എല്ലാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ക്ഷേത്രത്തിലെത്തി തിരുവാഭരണങ്ങൾ എല്ലാം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ തിരുവാഭരണങ്ങളിൽ കുറച്ച് ചാലക്കുടിയിലെ ബാങ്കിൽ പണയം വച്ചതായി അശ്വന്ത് സമ്മതിക്കുകയായിരുന്നു.
തുടർന്നു കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും പരിശോധിച്ചതോടെ പത്ത് ഗ്രാം തൂക്കം വരുന്ന കാശുമാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വർണവള, നാല് ഗ്രാം തൂക്കമുള്ള സ്വർണ മണിമാല, ഒരു ഗ്രാം തൂക്കമുള്ള സ്വർണത്തിന്റെ രണ്ടു കണ്ണുകൾ, ഒരു ഗ്രാം തൂക്കമുള്ള സ്വർണത്തിന്റെ 4 പൊട്ടുകൾ എന്നിവ ശ്രീകോവിലിൽ നിന്നു നഷ്ടപ്പെട്ടതായി മനസ്സിലാക്കി.
തുടർന്നു ശാന്തിക്കാരനായ അശ്വന്തിനെ കമ്മിറ്റി അംഗങ്ങൾ കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ എറണാകുളം ജില്ലയിലെ വെണ്ണല മാതാരത്ത് ദേവീ ക്ഷേത്രത്തിലെയും പുല്ലാട്ടുകാവ് ക്ഷേത്രത്തിലെയും തിരുവാഭരണം മോഷ്ടിച്ചു പണയം വച്ച കേസുകളിലെ പ്രതിയാണ് അശ്വന്ത് എന്നു പൊലീസ് പറഞ്ഞു. എസ്ഐമാരായ ഒ.ജി.ഷാജു, കെ.എ.ജോയ്, എഎസ്ഐ ഷിജോ, സിപിഒമാരായ ഷിജോ, ശ്രീജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]