ഗുരുവായൂർ ക്ഷേത്രത്തിൽ കൊല്ലത്തിൽ ഒരിക്കൽ മാത്രമാണ് ആനയില്ലാതെ ശീവേലി നടക്കുന്നത്. ഉത്സവം കൊടിയേറ്റിയ ദിവസം കാലത്താണത്.
ബാക്കി എല്ലാ ദിവസവും മൂന്നുനേരവും ശീവേലിക്ക് ആനയെ എഴുന്നള്ളിക്കും. എന്നാൽ 1950ന് മുൻപ് രാത്രി അത്താഴശീവേലിക്ക് ആനകൾ ഉണ്ടായിരുന്നില്ല.
അന്ന് ക്ഷേത്രത്തിൽ 5 ആനകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുവായൂർ കേശവൻ, ബാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, ഗോപാലകൃഷ്ണൻ, രാധ.
കാലത്തും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പോടെ ശീവേലി നടക്കും. അത്താഴശീവേലിക്ക് കീഴ്ശാന്തി ഭഗവാന്റെ തങ്കത്തിടമ്പ് മാറോടു ചേർത്ത് പിടിച്ച് പ്രദക്ഷിണം പൂർത്തിയാക്കും.
ഇതായിരുന്നു രീതി.
അക്കാലത്ത് കേശവനെയും ബാലകൃഷ്ണനെയും തെക്കെനടയിൽ ഇന്നത്തെ ശ്രീവത്സം ഗെസ്റ്റ് ഹൗസ് നിൽക്കുന്ന കോവിലകം പറമ്പിലാണ് കെട്ടിയിരുന്നത്. മറ്റാനകളെ പാപ്പാന്മാർ അവരുടെ വീടുകളിലും സമീപത്തെ പറമ്പുകളിലും തളയ്ക്കും.
വൈദ്യുതി വിളക്കുകൾ എത്താത്ത കാലം. രാത്രിയായാൽ പാനീസ് വിളക്കും മണ്ണെണ്ണവിളക്കും മാത്രം. ക്ഷേത്രത്തിനു ചുറ്റും ഇന്നു കാണുന്ന റോഡുകളെല്ലാം തോടുകളായിരുന്നു.
തോടുകളിലൂടെയാണ് ആളുകളും പശുവും പോത്തും ആനയുമെല്ലാം സഞ്ചരിച്ചിരുന്നത്. മഞ്ചറ, പെരുന്തട്ട, പെരുമാൾ, മല്ലിശേരി, പിച്ചിരിക്കാട്ട് എന്നീ പേരുകളായിരുന്നു തോടുകൾക്ക്.
ഇന്ന് അതെല്ലാം റോഡുകളായി.
രാത്രി തോടുകളിലൂടെ ആനകളെ കൊണ്ടു വരുന്നതും തിരിച്ചു പോകുന്നതും ബുദ്ധിമുട്ടായതിനാലാണ് അത്താഴശീവേലി ആനയില്ലാ ശീവേലിയായി നടന്നു വന്നത്. 1951 മുതൽ ക്ഷേത്രത്തിൽ തുടർച്ചയായി ആനകളെ നടയിരുത്താൻ തുടങ്ങി.
എം.എൻ.നാരായണൻ വലിയ നാരായണനെയും സാമൂതിരി രാജ രാമചന്ദ്രനെയും പൂതേരി കുടുംബം വിജയകൃഷ്ണനെയും രവീന്ദ്ര മോട്ടോഴ്സ് രവീന്ദ്രനെയും തൈക്കാട് മൂസത് ശ്രീനാരായണൻ എന്ന ആനയെയും നടയിരുത്തി.
ആനകളുടെ എണ്ണം അതിവേഗം പത്തായി. ഈ ആനകളെയെല്ലാം കോവിലകം പറമ്പിൽ കെട്ടാൻ തുടങ്ങി.
ഇതോടെ അത്താഴശീവേലിക്കും ആനകളെ എഴുന്നള്ളിക്കാൻ തുടങ്ങി.അക്കാലത്തും വിളക്കെഴുന്നള്ളിപ്പിന് ആനകൾ നിർബന്ധമായിരുന്നു. എന്നാൽ വിളക്ക് എഴുന്നള്ളിപ്പു കുറവായിരുന്നു.
ഇപ്പോൾ വർഷത്തിൽ 6 ദിവസം ഒഴികെ എല്ലാ ദിവസവും വിളക്കുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

