
തൃശൂർ ∙ ചൊക്കനയിൽ വനംവകുപ്പിന്റെ തേക്ക് തോട്ടങ്ങളിൽ നിന്നു വൻതോതിൽ തേക്ക് തടികൾ കടത്തിക്കൊണ്ടുപോയത് 1313 പാഴ്മരങ്ങൾ വെട്ടിയതിന്റെ മറവിൽ. 3 തോട്ടങ്ങളിൽ നിന്നു വട്ട, പാല, എടന, മുരിക്ക് തുടങ്ങിയ മരങ്ങൾ വെട്ടിയെന്നാണു വനംവകുപ്പിന്റെ ഔദ്യോഗിക കണക്കിലുള്ളതെങ്കിലും തേക്ക് തടികൾ കടത്തിയതിനു പുറമേ ആഞ്ഞിലി, മാവ്, പ്ലാവ് തുടങ്ങിയവയടക്കം വ്യാപകമായി വെട്ടിയെന്നും വിവരമുണ്ട്.
മാസങ്ങളോളം നീണ്ടുനിന്ന മരംമുറിക്കെതിരെ നടപടി തേടി ഹൈക്കോടതിയിലും പരാതി ലഭിച്ചിട്ടുണ്ട്.
വനംവകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം കൊടകര വെള്ളിക്കുളങ്ങര മേഖലയിലെ ചൊക്കന, വെള്ളാരംപാടം തോട്ടങ്ങളിൽ നിന്നായി 1313 മൃദുമരങ്ങളാണു വെട്ടിനീക്കാൻ കരാർ നൽകിയത്. 3200 തേക്ക് മരങ്ങൾ നിയമാനുസൃതം മുറിച്ചു ഡിപ്പോയിൽ എത്തിച്ച ശേഷം തോട്ടം വൃത്തിയാക്കാൻ വേണ്ടിയാണു പാഴ്മരങ്ങൾ മുറിക്കാൻ കരാർ നൽകിയത്.
ചൊക്കനയിലെ രണ്ടു തോട്ടങ്ങളിലെ 1203 പാഴ്മരങ്ങളും വെള്ളാരംപാടത്തെ 110 മരങ്ങളും മുറിക്കാനാണു തിരുവനന്തപുരം സ്വദേശിക്കു കരാർ നൽകിയത്. വട്ടയാണ് ഔദ്യോഗിക പട്ടികയിലുള്ളതിന്റെ സിംഹഭാഗവും.
ആകെ 1313 മരങ്ങളിൽ 1171 എണ്ണവും വട്ടയാണെന്നു വനംവകുപ്പിന്റെ രേഖകളിൽ പറയുന്നു.മലവേപ്പ്, പാല, എലവ്, കുമിഴ്, ചീനി, കടപ്ലാവ്, എടന, മുരിക്ക്, നീരോട്ടി, താന്നി, ചേര് തുടങ്ങി ബാക്കിയുള്ള മരങ്ങളുടെ എണ്ണം 142 മാത്രം. ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയവയൊന്നും മുറിച്ചതായി രേഖകളിലില്ല.
എന്നാൽ, ഇവയടക്കം വൻതോതിൽ മരംമുറി നടന്നെന്നുകാട്ടിയാണു വടാശേരി സ്വദേശി ജോബിൾ ഹൈക്കോടതിയെ സമീപിച്ചത്. ചന്ദനമരങ്ങളടക്കം വളരുന്ന മേഖലയായിട്ടു പോലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണു മരംമുറി നടന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതിസ്ഥാനത്ത് കരാറുകാരും വനംവകുപ്പ് ജീവനക്കാരും
ചൊക്കനയിലെ തടികടത്തുമായി ബന്ധപ്പെട്ടു കരാറുകാരെയും 3 വനംവാച്ചർമാരെയും പ്രതിചേർത്തു ഫ്ലയിങ് സ്ക്വാഡ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. തേക്കിൻതോട്ടത്തിൽ നിന്നു മുറിച്ച മുഴുവൻ മരങ്ങളും എവിടേക്കു പോയെന്നതടക്കം എല്ലാ വിവരങ്ങളും അന്വേഷിക്കാനാണു നീക്കം.
രണ്ടു വാച്ചർമാരുടെ വീടുകളിൽ നിന്നടക്കം തടികൾ കണ്ടെടുത്തിരുന്നു. മേഖലയിലെ ഓട്ടുകമ്പനി വളപ്പിൽ സൂക്ഷിച്ചതടക്കം 111 തടികൾ കണ്ടെടുക്കുകയും ചെയ്തു.
കരാറുകാരൻ തടി കടത്തിയതു പിടികൂടാതിരുന്നതിലെ വീഴ്ച വനംവകുപ്പിനു ബോധ്യപ്പെട്ടിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]