കണ്ടാണശ്ശേരിയിലെ മുളങ്കാടും വലിയ പാറക്കൂട്ടങ്ങളും നിറഞ്ഞ കല്ലൂർതലൈ ശ്രീകൃഷ്ണ ഭഗവതി ക്ഷേത്ര പരിസരം. നഗരത്തിരക്കിൽ നിന്നു മാറിയുള്ള ഉൾപ്രദേശമാണെങ്കിലും പരിസരത്ത് ജനക്കൂട്ടമുണ്ട്.
മണലൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ്കുമാറിന്റെ (47) പ്രചാരണത്തിന്റെ തുടക്കം ഇവിടെ നിന്നാണ്.
പാർട്ടി അനുഭാവികളുടെ കുടുംബസംഗമമാണ് പരിപാടി. ഉച്ചവരെ സ്ഥാനാർഥിയുടെ പ്രചാരണത്തിനു നേതൃത്വം നൽകുന്നത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വെയിലും ചൂടും വകവയ്ക്കാതെ തൃശൂരിലെ ലോക്സഭാ വിജയത്തെക്കുറിച്ചും മണലൂരിലെ വോട്ട് വർധനയെക്കുറിച്ചും അനീഷ്കുമാറിന്റെ പ്രസംഗം തുടരുന്നു.
മേയ് 4ന് സന്തോഷിക്കണമെങ്കിൽ ഏപ്രിൽ 9 വരെ കഷ്ടപ്പെടണമെന്ന ആഹ്വാനത്തോടെ നിയമസഭയിലേക്ക് നാലാം തവണ മത്സരിക്കുന്ന അനീഷ്കുമാർ പ്രസംഗം അവസാനിപ്പിച്ചു. പിന്നാലെ കേന്ദ്രമന്ത്രിയായ തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാരം കുറയ്ക്കാൻ എൻഡിഎ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സ്വന്തമായ ശൈലിയിൽ സുരേഷ് ഗോപിയുടെ അഭ്യർഥന.
ഇതോടൊപ്പം 5 വർഷം ബിജെപി ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച അനീഷ്കുമാറിന്റെ നേട്ടങ്ങളും പാർട്ടിയുടെ ജില്ലയിലെ വളർച്ചയും വിവരിച്ച് പ്രസംഗം പൂർത്തിയാക്കി. തുടർന്ന് താമര ചിഹ്നമുള്ള കൊടി കെട്ടിയ വാഹനങ്ങളിൽ ഇരുവരും വേഗത്തിൽ അടുത്ത പ്രചാരണ സ്ഥലത്തേക്ക്.
ഉച്ചയ്ക്കു മുൻപായി ബ്രഹ്മകുളത്ത് വീണ്ടും കുടുംബയോഗം.
ഇവിടെ കണിക്കൊന്നപ്പൂക്കൾ നൽകി ഇരുവരെയും സ്വീകരിച്ചു. വോട്ടഭ്യർഥിച്ചുള്ള യോഗത്തിൽ തനിക്കു ലഭിച്ച ഷാൾ സുരേഷ് ഗോപി അനീഷ്കുമാറിനെ അണിയിച്ചു.
ബ്രഹ്മകുളത്തു നിന്നു മടങ്ങുന്നതിനു മുൻപ് അമ്മയ്ക്കൊപ്പമുള്ള ഒരു വയസ്സുകാരൻ മീവാനെ കണ്ട സുരേഷ് ഗോപി കയ്യിലെടുത്ത് ലാളിച്ചു.
വാത്സല്യത്തോടെ മീവാനെ സുരേഷ് ഗോപി ഉമ്മ വയ്ക്കാനൊരുങ്ങിയപ്പോൾ കുരുന്നു വിരൽ അനീഷ്കുമാറിലേക്കു നീണ്ടു. ഇതോടെ ഒപ്പമുണ്ടായിരുന്നവരിൽ ചിരി പടർന്നു.
പിന്നീട് പര്യടനം ചക്കക്കണ്ടം വിവേകാനന്ദ നഗറിലായിരുന്നു.
അവിടെ ചുമരിൽ താമര ചിഹ്നം വരച്ച് സുരേഷ് ഗോപി പ്രചാരണത്തിനു തുടക്കമിട്ടു. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നെന്നും അതു മണലൂരിലും കാണാനാകുമെന്നും മടങ്ങും മുൻപ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അനീഷ്കുമാർ മനോരമയോടു പറഞ്ഞു.
‘തൃശൂരിൽ എൻഡിഎയ്ക്ക് എംപിയുള്ളതു പോലെ മണലൂരിൽ എംഎൽഎയുണ്ടാകും’. അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്കു ശേഷം കാക്കശ്ശേരി, ശിവപുരി, മമ്മായി എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലേക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

