
വഴിയാധാരം: 11 കിലോമീറ്റർ ദൂരം നിരനിരയായി വാഹനങ്ങൾ; വീർപ്പുമുട്ടി ആയിരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി∙ ദേശീയപാതയിൽ മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതക്രമീകരണങ്ങൾ കാരണം കറുകുറ്റി മുതൽ ചാലക്കുടി വരെ 11 കിലോമീറ്റർ ദൂരം ഇരു ദിശകളിലേക്കുമുള്ള റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ ജനം മണിക്കൂറുകളോളം വലഞ്ഞു. ദേശീയപാതയിലെ അസാധാരണമായ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയത് ആയിരങ്ങളാണ്.
വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച ഗതാഗതക്കുരുക്കാണ് ഇന്നലെ രാത്രിയും നിയന്ത്രിക്കാനാവാത്തവിധം ശക്തമായി തുടർന്നത്. ദേശീയപാതയിലെ കുരുക്കിനു പരിഹാരമായി വഴി തിരിച്ചുവിട്ട വാഹനങ്ങൾ സമാന്തര റോഡുകളിലും വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. അടിപ്പാത നിർമാണം നടത്തുന്ന ചിറങ്ങര, മുരിങ്ങൂർ ജംക്ഷനുകൾ കടക്കാൻ പല വാഹനങ്ങൾക്കും 2 മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു. 10 മിനിറ്റ് കൊണ്ട് പോകാവുന്ന ദൂരം യാത്ര ചെയ്യാനാണു വാഹനയാത്രികർക്കു 2 മണിക്കൂർ വേണ്ടി വന്നത്.
അടിപ്പാത നിർമാണം ആരംഭിച്ച കാലം മുതൽ ഗതാഗതക്കുരുക്ക് ദേശീയപാതയിലൂടെയുള്ള യാത്രക്കാരെ വെട്ടിലാക്കുന്നുണ്ട്. എന്നാൽ ഇന്നലെയുണ്ടായ കുരുക്ക് എല്ലാ അതിരുകളും കടന്നതോടെ ജനത്തിന്റെ പ്രതിഷേധവും ശക്തമായി. കുരുക്കു പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് കലക്ടറും ജില്ലാ പൊലീസ് മേധാവിയും യോഗങ്ങൾ നടത്തി അറിയിച്ചതിനെ പിന്നാലെയാണ് കുരുക്ക് കൂടുതൽ മുറുകിയത്. മഴ കൂടി ശക്തമായതോടെ കുരുക്ക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് നിസ്സഹായരായി കണ്ടു നിൽക്കേണ്ട സ്ഥിതിയായി.
കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരം പൊലീസും മോട്ടർ വാഹന വകുപ്പും ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും നടത്തിയ സംയുക്ത പരിശോധനയും ഫലം കണ്ടില്ല. മഴക്കാലം ശക്തമായാൽ കുരുക്കു കൂടുതൽ മുറുകുന്നതിനു പുറമേ അപകടങ്ങൾക്കും വഴിയൊരുക്കുമെന്നാണ് ആശങ്ക. ചിറങ്ങര, പെരുമ്പി, കൊരട്ടി ജെടിഎസ് ജംക്ഷൻ, കൊരട്ടി ജംക്ഷൻ, മുരിങ്ങൂർ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ കുരുക്കിൽപെട്ടു കിടന്നു. ഒട്ടേറെ ആംബുലൻസുകളും വെള്ളി, ശനി ദിവസങ്ങളിൽ കുരുക്കിൽപെട്ടു.
∙ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കല്ലിടുക്കിൽ രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്ക്. പുലർച്ചെ ആരംഭിച്ച കുരുക്ക് രാവിലെ 10 വരെ നീണ്ടു. ശക്തമായ മഴയിൽ ഉച്ച കഴിഞ്ഞു 3 മുതൽ വീണ്ടും കുരുക്ക് രൂക്ഷമായി. രാവിലെ മുടിക്കോടും ഗതാഗതക്കുരുക്കുണ്ടായി. അടിപ്പാതയ്ക്കുള്ളിൽ ചെളി നിറഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ സർവീസ് റോഡ് കുഴികൾ രൂപപ്പെട്ടതും ശനിയാഴ്ച വാഹനങ്ങളുടെ എണ്ണം വർധിച്ചതും കുരുക്കിന് കാരണമായി.