കോടശേരി ∙ രാത്രി വീട്ടിലെത്തി പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോയ യുവാവ് ഒരാഴ്ചയ്ക്കു ശേഷം വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തം. ചെമ്പൻകുന്ന് സ്വദേശി വടക്കേക്കര ജോർജിന്റെ മകൻ ലിന്റോയെയാണു (41) ചൊവ്വാഴ്ച രാത്രി വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വധശ്രമക്കേസിലെ പ്രതിയുടെ വീടുകാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടാണു പൊലീസ്, ടിപ്പർ ഡ്രൈവറായ ലിന്റോയെ 13ന് രാത്രി വാഹനത്തിൽ കൊണ്ടുപോയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇയാൾ കേസിൽ പ്രതിയല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാലു മണിക്കൂറിനു ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, ലിന്റോ അക്രമം നടന്ന ദിവസം സംഭവസ്ഥലത്തു പോലും ഉണ്ടായിരുന്നില്ലെന്നും മണിക്കൂറുകളോളം പൊലീസ് വാഹനത്തിൽ കയറ്റി പല ഭാഗത്തും കൊണ്ടുപോയത് എന്തിനെന്നു വ്യക്തമാക്കണമെന്നും കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
പൊലീസ് നടപടികളിൽ വീഴ്ചയുണ്ടെന്നും ആരോപിച്ചു.
കുറ്റിച്ചിറ ജംക്ഷനിൽ 13നാണു വെട്ടുകേസ് ഉണ്ടായത്. കേസിലെ പ്രധാന പ്രതി ഡെയ്സന്റെ സുഹൃത്താണ് ലിന്റോ.
സംഘർഷവുമായി ബന്ധപ്പെട്ടു ലിന്റോയെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. വെട്ടേറ്റ യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു.
പ്രധാന പ്രതിയായ ഡെയ്സന്റെ വീട് പൊലീസിന് കാട്ടിക്കൊടുക്കുന്നതിനാണ് ലിന്റോയുടെ സഹായം തേടിയത്. ശേഷം പുലർച്ചെ ഒന്നരയോടെ ലിന്റോയെ വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തിച്ചതായാണു പൊലീസ് പറയുന്നത്.
തനിക്കു പേടിയാണെന്നും പൊലീസ് മാനസികസമ്മർദം ചെലുത്തുകയാണെന്നും ലിന്റോ സുഹൃത്തിനോടു പറഞ്ഞിരുന്നു.
ലിന്റോയുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധം ഉയർത്തി. പൊലീസിന്റെ ഇടപെടലിലെ പ്രശ്നങ്ങൾ സംബന്ധിച്ചു വ്യക്തത വരുത്താതെ പോസ്റ്റ്മോർട്ടം നടത്തരുതെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും നാട്ടുകാർ അറിയിച്ചു. പിന്നീടു പൊലീസ് ലിന്റോയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നു ബന്ധുക്കളെ അറിയിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് 4.30ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ഇതുവരെ നടത്തിയിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

