
നിർമാണത്തിലിരിക്കുന്ന ദേശീയപാത 66ലെ മേൽപ്പാലത്തിൽ വിള്ളൽ: ടാർ മഴയിലൊലിച്ച് വീട്ടുമുറ്റത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാവക്കാട്∙ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയപാത 66ൽ നിർമാണത്തിലിരിക്കുന്ന മേൽപാലത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് ടാർ ചെയ്തത് മഴയിൽ കുത്തിയൊലിച്ച് താഴെയുള്ള വീട്ടിലേക്കെത്തി. ദേശീയപാതയിലെ മണത്തല അക്കരപ്പറമ്പിൽ അശോകന്റെ വീട്ടുമുറ്റത്തേക്കാണു ടാർ ഒഴുകിയെത്തിയത്. നേരത്തെ റോഡ് പണി നടക്കുമ്പോൾ ചരൽ വീടിനു ചുറ്റും നിറഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു. റോഡ് ടാർ ചെയ്തപ്പോൾ ചളിയും വെള്ളവും മണ്ണും ഒലിച്ചിറങ്ങി. ചൊവ്വാഴ്ച മേൽപാലത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് ടാർ ചെയ്തത് മഴയിൽ വീണ്ടും അശോകന്റെ വീട്ടുപറമ്പിലും എത്തി. വീടിനു ചുറ്റും കാർ പോർച്ചിലും ടാർ കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. കലക്ടർ, ദേശീയപാത അധികൃതർ, നഗരസഭ അധികൃതർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് പറയുന്നു.
വിള്ളലിന്റെ ആഴമറിയാനും റോഡിന്റെ ഉറപ്പു ബോധ്യപ്പെടാനും വിശദ പരിശോധന വേണം
തൃശൂർ ∙ ദേശീയപാത 66ൽ ചാവക്കാട് മണത്തല മേൽപാലത്തിലെ റോഡിൽ വിള്ളലുണ്ടായ സ്ഥലം കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച വിദഗ്ധ സമിതി സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് നൽകി. വിള്ളലിന്റെ ആഴമറിയാനും റോഡിന്റെ ഉറപ്പു ബോധ്യപ്പെടാനും മണ്ണു പരിശോധന നടത്തണമെന്നും വിശദമായ പഠനം ആവശ്യമാണെന്നും സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിനായി മണ്ണിന്റെ സാംപിളും ശേഖരിച്ചു. പൊലീസ്, റീജനൽ ട്രാൻസ്പോർട്ട്, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം, മണ്ണു സംരക്ഷണ വകുപ്പ്, ഭൂഗർഭജല വകുപ്പ്, ജിയോളജി–റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങുന്ന വിദഗ്ധ സംഘം മണ്ണു പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി വൈകാതെ അന്തിമ റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കും.
പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അധികൃതർക്കു നിർദേശങ്ങളായി കൈമാറുമെന്നു കലക്ടർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമെങ്കിൽ മണത്തലയിൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനാവശ്യമായ ട്രാഫിക് പ്ലാൻ പൊലീസ് തയാറാക്കിയിട്ടുണ്ട്. മേൽപാലത്തിലുണ്ടായ വിള്ളൽ താഴെ സർവീസ് റോഡിലൂടെയുള്ള ഗതാഗതത്തിനു ഭീഷണിയായേക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പൊലീസ് ഇടപെടൽ. നിർമാണം പൂർത്തിയാകാത്തതിനാൽ മേൽപാലത്തിലൂടെ ഗതാഗതം അനുവദിച്ചിട്ടില്ല. പാലത്തിന് ഇരുവശത്തുമുള്ള സർവീസ് റോഡുകളിലൂടെയാണ് ഗതാഗതം.
സ്കൂൾ വാഹനങ്ങളടക്കം സർവീസ് റോഡിൽ നിന്നു വഴിതിരിച്ചു വിടുന്നതിനുള്ള പ്ലാനാണു പൊലീസ് സമർപ്പിച്ചത്. വിള്ളലുണ്ടായതിനു സമീപം സർവീസ് റോഡ് അൽപം താഴ്ന്നിട്ടുമുണ്ട്. എന്നാൽ ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം മാത്രമേ ട്രാഫിക് പ്ലാനിലും മറ്റും തുടർ നടപടിയെടുക്കൂ എന്നു കലക്ടർ പറഞ്ഞു. എൻഎച്ച്എഐ എറണാകുളം പ്രൊജക്ട് ഡയറക്ടറോടാണ് കലക്ടർ പ്രത്യേക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്കൾ രാത്രിയിലെ കനത്ത മഴയെ തുടർന്നാണ് മണത്തല മേൽപാലത്തിലെ റോഡിൽ ഏകദേശം 50 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. ഇതിനു പിന്നാലെ വിള്ളലുണ്ടായ ഭാഗവും സമീപത്തെ 500 മീറ്ററും റീ–ടാർ ചെയ്തിരുന്നു. മൂന്ന് ലെയർ ടാറിങ് പൂർത്തിയാകാനിരിക്കെ റോഡ് സുരക്ഷിതമാണെന്നാണു കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ അവകാശപ്പെടുന്നത്.
കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വിദഗ്ധ സംഘത്തിന്റെ പരിശോധന. വിള്ളലുണ്ടാകാനുണ്ടായ സാഹചര്യമടക്കം ഇവരോട് ഉദ്യോഗസ്ഥ സംഘം അന്വേഷിച്ചറിഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എൻ.കെ. അക്ബർ എംഎൽഎ എന്നിവർ സംഘത്തിനൊപ്പമുണ്ടായിരുന്നു. ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ഹരീഷ്, ജില്ലാ ജിയോളജിസ്റ്റ് ഡോ.എ.കെ. മനോജ്, ഭൂരേഖ തഹസിൽദാർ വി.ബി. ജ്യോതി,ഭൂജല വിഭാഗം സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ.എൻ.സന്തോഷ്, തൃശൂർ സോയിൽ കൺസർവേഷൻ ഓഫിസർ വി.ജയകുമാർ, ഗുരുവായൂർ ജോയിന്റ് ആർടിഒ പി.എൻ. ശിവൻ, എന്നിവരാണ് പരിശോധന നടത്തിയത്.