
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത തമ്പുരാട്ടിപ്പടിയിൽ മണ്ണിടിച്ചിൽ ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടിക്കാട് ∙ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതോരത്തു തമ്പുരാട്ടിപ്പടിയിൽ മണ്ണിടിച്ചിൽ ഭീഷണി; മഴക്കാലത്തു പാറക്കെട്ടിനു മുകളിൽ നിന്നു മണ്ണും മരങ്ങളും ദേശീയപാതയിലേക്കു വീഴുന്നതു പതിവെങ്കിലും നടപടിയെടുക്കാതെ അധികൃതർ. പാലക്കാട് ഭാഗത്തെ പാതയോരത്തെ 20 മീറ്ററോളം ഉയരത്തിലുള്ള പാറക്കെട്ടാണ് ഭീഷണിയായി നിൽക്കുന്നത്. ഈ ഭാഗത്ത് റോഡിനു വീതി കുറവായതു കാരണം സർവീസ് റോഡ് പൂർത്തിയാക്കിയിട്ടില്ല. മലയുടെ മുകൾഭാഗത്തെ മണ്ണ് ഇളകിയ നിലയിലാണ്.
കഴിഞ്ഞ മഴക്കാലത്ത് വൻ തോതിൽ ദേശീയപാതയോരത്ത് മരങ്ങളും മണ്ണും മുകളിൽ നിന്ന് വീണിരുന്നു. പാതയിൽ അപകടം ഒഴിവാക്കുന്നതിനായി ഈ ഭാഗത്തെ ബാരിക്കേഡുകൾ നിരത്തിയിരിക്കുകയാണ്. എന്നാൽ വലിയ മരങ്ങൾ നിലം പതിച്ചാൽ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അപായത്തിലാകുമെന്നുറപ്പാണ്.
20 മീറ്ററോളം ഉയരത്തിൽ പാറയും അതിനു മുകളിലെ മണ്ണിൽ നൂറുകണക്കിനു തേക്കുമരങ്ങളുമാണുള്ളത്. പല തവണ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. കല്ലിടുക്കിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വാഹനങ്ങൾ ഈ ഭാഗത്തുകൂടി സാവധാനമാണു കടന്നുപോവുന്നത്. മഴ ശക്തമാകുന്നതിനു മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങളും മണ്ണും നീക്കം ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.