തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുനർനിർമാണ പദ്ധതി മാസങ്ങൾ പിന്നിട്ടിട്ടും കടലാസിൽ മാത്രം. മാർച്ച് 7-ന് അന്നത്തെ ഗതാഗത വകുപ്പ് ചുമതല വഹിച്ചിരുന്ന കെ.ബി.ഗണേഷ്കുമാർ തറക്കല്ലിട്ട
പദ്ധതിയുടെ തുടർനടപടികൾ ആരംഭിക്കാത്തത് യാത്രക്കാരെയും ജീവനക്കാരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിവേഗത്തിൽ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് സ്റ്റാൻഡ് പൊളിച്ചുമാറ്റിയെങ്കിലും, തുടർന്ന് കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
20 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ടെർമിനൽ നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി പി.ബാലചന്ദ്രൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 7 കോടി രൂപയും, നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 5 കോടി രൂപയും, ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി രൂപയും വകയിരുത്തിയിരുന്നു.
സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്നു നില കെട്ടിടം, 24 ബസുകൾക്ക് പാർക്കിങ് സൗകര്യം, റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാത, ശുചിമുറി സമുച്ചയം, കന്റീൻ, വെയിറ്റിങ് ഏരിയ തുടങ്ങിയവയായിരുന്നു പദ്ധതിയിലെ പ്രധാന വാഗ്ദാനങ്ങൾ. എന്നാൽ, ഉദ്ഘാടനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന ആരോപണം ശക്തമാവുകയാണ്.
നിർമാണത്തിനാവശ്യമായ ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. നിലവിൽ ശക്തൻ സ്റ്റാൻഡിലാണ് കെഎസ്ആർടിസി ഓഫിസ് പ്രവർത്തിക്കുന്നത്.
ഐഒസി പെട്രോൾ പമ്പിന്റെ സാന്നിധ്യം ബസുകളുടെ സുഗമമായ പാർക്കിംഗിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ദിവസവും 1200-ലധികം ബസുകൾ കടന്നുപോകുന്ന തൃശൂരിലെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്റ്റാൻഡിലേക്കെത്തുന്ന യാത്രക്കാർ തിരക്കേറിയ റോഡിലൂടെ ജീവൻ പണയം വെച്ചാണ് സഞ്ചരിക്കുന്നത്. കൂടാതെ, ചെറുവാഹനങ്ങളുടെ അനിയന്ത്രിതമായ പാർക്കിങ് രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
പദ്ധതി എത്രയും വേഗം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

