കൊരട്ടി ∙ ദേശീയപാതയിൽ ജംക്ഷനിലെ മേൽപാലം നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറു ഭാഗത്തെ ദേശീയപാതയുടെ പ്രധാന ഭാഗം നൂറു മീറ്ററോളം അടച്ചുകെട്ടി വാഹനങ്ങൾ സർവീസ് റോഡിലൂടെ കടത്തിവിടാൻ തുടങ്ങി. പൈലിങ് ജോലികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഗതാഗത ക്രമീകരണത്തിനു ശേഷം നിർമാണം തീരുംവരെ തുടരും.
കൊരട്ടിയിൽ ജംക്ഷനിൽനിന്നു ഇരു ദിശകളിലേക്കും മേൽപാലത്തിന്റെ അനുബന്ധ റോഡ് അവസാനിക്കുന്ന ഭാഗം വരെ വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിടാനായിരുന്നു ആദ്യ ശ്രമമെങ്കിലും പൊലീസിന്റെ നിർദേശപ്രകാരം മാറ്റുകയായിരുന്നു. ഇപ്പോൾ പൈലിങ് നടത്തുന്ന ഭാഗം പൂർത്തിയാക്കിയ ശേഷം മാത്രമേ മറുഭാഗത്തെ പൈലിങ് ആരംഭിക്കൂ.
അതുവരെ കിഴക്കു വശത്തു ദേശീയപാതയിലെ പ്രധാന റോഡിലൂടെ വാഹനഗതാഗതം തുടരും.
ചിറങ്ങരയിലും മുരിങ്ങൂരിലും സർവീസ് റോഡ് ടാറിങ് നടത്തി ബലപ്പെടുത്തി പൂർണസജ്ജമാക്കുന്നതിനു മുൻപു ദേശീയപാതയുടെ പ്രധാന ഭാഗം പൊളിച്ചതോടെ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഒരു വർഷത്തോളം നീണ്ടുനിന്ന കുരുക്ക് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ലക്ഷക്കണക്കിനു വാഹനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
ഇതു കാരണം കൊരട്ടിയിൽ മേൽപാലം നിർമാണം ആരംഭിക്കും മുൻപേ സർവീസ് റോഡുകൾ സജ്ജമാക്കുകയായിരുന്നു. എന്നാൽ പടിഞ്ഞാറു ഭാഗത്തു പൊലീസ് സ്റ്റേഷനു സമീപത്തു സർവീസ് റോഡിലുണ്ടായിരുന്ന കെഎസ്ഇബിയുടെ 3 വൈദ്യുത പോസ്റ്റുകൾ ഇനിയും മാറ്റിയില്ല.
കൊരട്ടിയിൽ ഒരു ചെറിയ ഭാഗം ഒഴിച്ചാൽ ശേഷിച്ച ഭാഗമെല്ലാം ദേശീയപാതയുടെ പ്രധാന ഭാഗത്തു കൂടി തന്നെ ഗതാഗതം തുടരും.
സർവീസ് റോഡിന്റെ വീതികുറവു സംബന്ധിച്ചു പ്രാദേശിക എതിർപ്പ് ഉയർന്നതോടെ റോഡിനോടു ചേർന്നുള്ള കുറച്ചു ഭാഗത്തു വീതികൂട്ടി ടാർ ചെയ്തു. ജംക്ഷനിൽ പടിഞ്ഞാറു വശത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ് ബിവറേജസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനടുത്തേക്കു മാറ്റി.
മേൽപാല നിർമാണത്തിന്റെ മുന്നൊരുക്കമായി സർവീസ് റോഡിന്റെ ടാറിങ് ഒരാഴ്ച മുൻപു നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ദേശീയപാത പ്രോജക്ട് ഡയറക്ടർ സ്ഥലം സന്ദർശിക്കാനെത്തിയപ്പോൾ സർവീസ് റോഡ് വീതികൂട്ടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. മൂരിങ്ങൂരിലെയും ചിറങ്ങരയിലെയും നിർമാണം പൂർത്തിയാക്കിയശേഷം മാത്രം കൊരട്ടിയിൽ നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരക്കിട്ട് മേൽപാലം നിർമാണമാരംഭിക്കാൻ മുന്നൊരുക്കങ്ങൾ നടത്തുകയായിരുന്നു.
സർവീസ് റോഡ് വഴി വാഹനങ്ങൾ വിട്ടുതുടങ്ങിയെങ്കിലും സിഗ്നൽ സംവിധാനം ഒഴിവാക്കിയിട്ടില്ല.
ജംക്ഷനിൽ നാലു വഴികളിലൂടെയും വരുന്ന വാഹനങ്ങൾക്കു പോകാവുന്ന നിലയിലാണു ഇപ്പോൾ ഗതാഗത ക്രമീകരണം. എന്നാൽ പൈലിങ് ജോലികൾ ആരംഭിച്ചാൽ റെയിൽവേ മേൽപാലം വഴി അങ്കമാലി ഭാഗത്തേക്കു പോകേണ്ട
വാഹനങ്ങൾ നിർമാണ സ്ഥലത്തിനു സമീപം യു ടേൺ എടുത്തു തിരിഞ്ഞുപോകേണ്ടി വരും. നാലുകെട്ട് ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനു മുൻപിലെ കട്ടിങ് വഴി തിരിഞ്ഞാകും ചാലക്കുടി ഭാഗത്തേക്കു പോകേണ്ടിവരിക.
ഇവിടെയെല്ലാം ദേശീയപാതയ്ക്കു പുറത്തു നിന്നെത്തുന്ന വാഹനങ്ങൾക്കു പാതയിലേക്കുള്ള പ്രവേശനം അപകടസാധ്യതയ്ക്കും ഗതാഗതക്കുരുക്കിനും ഇടയാക്കും.
എറണാകുളം ഭാഗത്തേക്കുള്ള പാതയുടെ സർവീസ് റോഡിന്റെ വീതി കൂട്ടുന്ന ജോലികൾ വൈകാതെ പൂർത്തിയാക്കും. വീതികൂട്ടിയ ശേഷമാകും ഈ ഭാഗത്തെ ഗതാഗതക്രമീകരണം.
ഇതിനുശേഷം ആ ഭാഗത്തെ പൈലിങ് ജോലികളും ആരംഭിക്കും. മുരിങ്ങൂരിലും ചിറങ്ങരയിലും ഗതാഗതക്കുരുക്കു തുടരുന്നതിനിടെയാണു കൊരട്ടിയിലും പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്നത്. ഇവിടെയും കുരുക്കുണ്ടായാൽ ‘പണി പാളും’ എന്നു നാട്ടുകാർ മുന്നറിയിപ്പു നൽകുമ്പോഴും ദേശീയപാത അധികൃതരോ കരാറുകാരോ അതിനു ചെവി കൊടുക്കുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

