
വസുധ രവി തൃശൂരിൽ; 21ന് സംഗീത കച്ചേരി അവതരിപ്പിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ലോക സംഗീത ദിനത്തിൽ സംഗീത പ്രേമികൾക്കായി ആനന്ദമഴ പൊഴിക്കാൻ പ്രശസ്ത ഗായിക വസുധ രവി ജൂൺ 21ന് തൃശൂരിൽ എത്തുന്നു. രസികപ്രിയ സംഗീത സഭയുടെ 17–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കേരള സാഹിത്യ അക്കാദമി ഹാളിൽ 21ന് വൈകിട്ട് 5ന് വസുധ രവി സംഗീത കച്ചേരി അവതരിപ്പിക്കുന്നത്. വയലിനിൽ തിരുവനന്തപുരം വി.സമ്പത്തും മൃദംഗത്തിൽ നാഞ്ചൽ അരുളും മുഖർശംഖിൽ പയ്യന്നൂർ ഗോവിന്ദപ്രസാദും പക്കമൊരുക്കും.
സ്വര മാധുരി കൊണ്ട് കർണാടക സംഗീത രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ആകാശവാണി ചെന്നൈ എ ഗ്രേഡ് ആർട്ടിസ്റ്റായ വസുധ രവി. എ.ആർ.റഹ്മാൻ, ഇളയരാജ എന്നിവർക്കൊപ്പം നിരവധി സംഗീത പരിപാടികളിലും ഭാഗമായിട്ടുണ്ട്. ഡോ. മഞ്ജുള ശ്രീറാമിൻെറയും സംഗീത വിദ്വാൻ എ.സുന്ദരേശൻെറയും ശിഷ്യയായ ഇവർ അമേരിക്ക, ഫ്രാൻസ്, ജർമനി, സിംഗപ്പൂർ, മലേഷ്യ, ബംഗ്ലദേശ്, മ്യൻമാർ തുടങ്ങിയ രാജ്യങ്ങളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. പൊന്നിയിൻ ശെൽവൻ 2, മാമന്നൻ എന്നീ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു. എം.എസ്.സുബ്ബലക്ഷ്മി എൻഡോവ്മെന്റ് പുരസ്കാരം, ഗാനകല സരസ്വതി പുരസ്കാരം, എം.എൽ.വസന്തകുമാരി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
രസികപ്രിയ സംഗീത സഭയുടെ 17–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ സഭയുടെ സ്ഥാപക അധ്യക്ഷനും മികച്ച സംഘാടകനും സംഗീതാസ്വാദകനുമായിരുന്ന ടി.എ.ആർ.ചന്ദ്രന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ടി.എ.ആർ.ചന്ദ്രൻ സ്മാരക പുരസ്കാരം സംഗീതജ്ഞനും തിരുവാരൂർ കേന്ദ്ര സർവകലാശാല സംഗീത വിഭാഗം അസി. പ്രഫസറുമായ ഡോ. വി.ആർ.ദിലീപ് കുമാറിന് സമ്മാനിക്കും. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ ഡീനും സംഗീത വിഭാഗം മേധാവിയുമായിരുന്ന ഡോ. മാലിനി ഹരിഹരൻ, തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത കോളജ് മുൻ പ്രിൻസിപ്പൽ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് വി.ആർ.ദിലീപ് കുമാറിനെ തിരഞ്ഞെടുത്തത്.