ചാലക്കുടിപ്പുഴയിൽ ഉപ്പുവെള്ളം കയറി; കൃഷിനാശം
കുഴൂർ ∙ ചാലക്കുടിപ്പുഴയിൽ ഉപ്പുവെള്ളം കയറിയതിനെത്തുടർന്ന് കുണ്ടൂർ മേഖലയിൽ കൃഷി നാശം. വാഴ, ജാതി മരങ്ങളും പച്ചക്കറിത്തൈകളും ഇവിടെ ഉണങ്ങിത്തുടങ്ങി.
വാഴയിലകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. മഴലഭ്യത കുറഞ്ഞതും ചാലക്കുടിപ്പുഴയിൽ ജലനിരപ്പു താഴ്ന്നതും ഉപ്പുവെള്ളം പുഴയിൽ കലരുന്നത് തടയാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
ഉപ്പുവെള്ളം കയറുന്നതു തടയാനായി നിർമിച്ച കണക്കൻകടവ് സ്ലൂസ് കം ബ്രിജിലെ ഷട്ടറുകളിലൊന്ന് രണ്ടാഴ്ച മുൻപാണ് പൂർണമായി തകർന്നത്. സ്ലൂസ് കം ബ്രിജിലെ 10 തടയണകളും നിലവിൽ തകരാറിലായി.
കാർഷിക ഗ്രാമമായ കുഴൂരിൽ ഇറിഗേഷൻ പദ്ധതികളെ ആശ്രയിച്ചാണ് കൃഷി . ഏകദേശം പന്ത്രണ്ടോളം ജലസേചന പദ്ധതികൾ വഴിയാണ് പുഴയിൽ നിന്നുള്ള വെള്ളം കുഴൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കുമെത്തുന്നത്. വെള്ളത്തിൽ ഉപ്പിന്റെ അംശം കലർന്നതോടെ കർഷകരിൽ ഭൂരിഭാഗവും കിണറുകളിൽ നിന്നുള്ള വെള്ളമാണ് കൃഷിക്ക് ഉപയോഗിച്ചു വരുന്നത്. പുഴയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ എറണാകുളം ജില്ലയിലെ കോഴിത്തുരുത്തിൽ മണൽ ബണ്ട് നിർമിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ആഴ്ചകൾക്കു മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് ഡ്രജർ എത്തിച്ചാണ് മണൽ ബണ്ട് ഒരുക്കുന്നത്. പുഴയുടെ ഏകദേശം പകുതിയോളം ബണ്ട് നിർമിച്ചു കഴിഞ്ഞു.
ഒരാഴ്ചയ്ക്കകം നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കായലിൽ നിന്ന് പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നതിനു താൽക്കാലിക പരിഹാരമാകും.
എന്നാൽ കനത്ത മഴയോ പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാൽ മണൽബണ്ട് തകരുന്നത് പതിവാണ്. വൻ സാമ്പത്തിക നഷ്ടമാണ് ഇതുവഴി സംഭവിക്കുക. കണക്കൻകടവ് റഗുലേറ്ററിലെ ഷട്ടറുകൾ നവീകരിക്കുവാനുള്ള അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വളയം ബണ്ട് നിർമാണം പൂർത്തിയായില്ല; ഭീഷണിയിൽ കൃഷി
ഏനാമാക്കൽ ∙ റെഗുലേറ്ററിന് സമീപം കായലിൽ നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കാൻ ഫെയ്സ് കനാലിൽ നിർമിക്കുന്ന വളയം ബണ്ടിന്റെ നിർമാണം പൂർത്തിയായില്ല.
ജീർണിച്ച റെഗുലേറ്ററിന്റെ ഷട്ടർ ചോർച്ച മൂലം വൻതോതിൽ കനാലിലേക്കും കോൾ കൃഷി മേഖലയിലേക്കും ഉപ്പുവെള്ളം കടക്കുകയാണ്. ശക്തമായ വേലിയേറ്റം മൂലമാണ് കായലിൽ നിന്ന് ഉപ്പുവെള്ളം വൻതോതിൽ കടക്കുന്നത്.
നവംബറിൽ പൂർത്തിയാക്കേണ്ട
വളയം ബണ്ട് നിർമാണം ഡിസംബർ പകുതിയായിട്ടും പൂർത്തിയാക്കാത്തതിൽ കർഷകർ പ്രതിഷേധിച്ചു. നെൽച്ചെടികൾ കതിരിട്ട് വരുന്ന സമയമാണ്. വെള്ളം കാര്യമായി വേണ്ട
സമയത്ത് ചാലിൽ നിന്ന് പാടത്തേക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകനും പടിഞ്ഞാറെ കരിമ്പാടം പടവ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ ജോർജ് പണ്ടൻ പറഞ്ഞു. നിർമാണത്തിലിരിക്കുന്ന വളയം ബണ്ടിന്റെ കിഴക്ക് ഭാഗത്ത് പകുതി ഭാഗം മണ്ണിട്ടു നിറച്ചിട്ടുണ്ട്.
തെക്ക് ഭാഗത്തും മണ്ണിട്ട് നിറച്ചു. ഇനി 2 പെട്ടികഴകൾ നിർമിച്ച് വേണം ബാക്കി ഭാഗം മണ്ണിട്ട് നികത്താൻ.
വാവേക്കർപടവിൽ ബണ്ട് പുനർനിർമിച്ചില്ല
കാട്ടകാമ്പാൽ∙ സമീപ കോൾപാടങ്ങളിലെല്ലാം കർഷകർ ഞാറ്റടി തയാറാക്കുമ്പോൾ വാവേക്കർ കോൾപടവിൽ കർഷകർ ബണ്ട് പുനർനിർമാണത്തിനായുള്ള കാത്തിരിപ്പാണ്.
ഒരു വർഷം മുൻപ് തകർന്ന ബണ്ട് ഇനിയും പുനർനിർമിച്ചില്ല. ഇതോടെ കൃഷിയിറക്കാനാകാതെ വലയുകയാണ് കർഷകർ. 2024 ഡിസംബർ ആറിനാണ് ബണ്ട് 10 മീറ്റർ നീളത്തിൽ തകർന്നത്.
ഞാറുനട്ട് 10 ദിവസമായ നെൽച്ചെടികൾ പൂർണമായും നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി.
ബണ്ടു പുനർനിർമിക്കുമെന്നു വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും വർഷമൊന്നു കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല.
കോൾപാടങ്ങളിൽ വെള്ളം വറ്റുന്ന മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലേ ബണ്ടിന്റെ പുനർനിർമാണം നടത്താൻ കഴിയുകയുള്ളു. 30 വർഷം തരിശായി കിടന്നിരുന്ന വാവേക്കർ കോൾപടവിൽ 2018 മുതലാണ് കർഷകർ കൃഷിയിറക്കി തുടങ്ങിയത്.
ബണ്ട് ഉയരക്കുറവ് മൂലം വെള്ളം കയറി കൃഷി നശിക്കുന്നത് പതിവായതോടെ 2 വർഷം കർഷകർ കൃഷിയിറക്കിയില്ല. പിന്നീട് കെഎൽഡിസിയുടെ നേതൃത്വത്തിൽ പാടശേഖരത്തിന്റെ ഒരു വശത്ത് ബണ്ട് മണ്ണിട്ടു ഉയർത്തിയതോടെയാണ് 2024ൽ കർഷകർ കൃഷിയിറക്കിയത്.
എന്നാൽ ബണ്ടുപൊട്ടിയതോടെ കർഷകർക്ക് വീണ്ടും തിരിച്ചടിയായി. ഇത്തവണയെങ്കിലും ബണ്ടു പുനർനിർമാണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഉൾചാലുകളിൽ ഉപ്പു നിറഞ്ഞു
മുല്ലശേരി ∙ കോൾമേഖലയിലെ ഉൾചാലുകളിലും ഉപ്പുവെള്ളം നിറഞ്ഞു. കൃഷിക്ക് വെള്ളം പമ്പ് ചെയ്യാനാകാതെ കർഷകർ ദുരിതത്തിൽ.
35 മുതൽ 100 ദിവസം പ്രായമായ നെൽച്ചെടികളാണ് പടവുകളിൽ. ചില പടവുകളിൽ നെല്ല് കതിരിട്ടു.
ചിലയിടത്ത് കതിരിടാൻ തുടങ്ങുന്നു. വെള്ളം ഏറ്റവും അത്യാവശ്യമായ സമയത്ത് ചാലിലെ ഉപ്പു നിറഞ്ഞ വെള്ളം എങ്ങനെ പമ്പ് ചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. മണൽപ്പുഴ – കണ്ണോത്ത് സംയുക്ത കോൾപ്പടവിലെ കർഷകൻ നടത്തിയ ജല പരിശോധനയിൽ എടത്തറ ചാലിൽ ഉപ്പിന്റെ അളവ് 3.6 പോയിന്റാണ്.
ചെമ്മീൻചാലിൽ 2 പോയിന്റും. പറപ്പൂർ സംഘം കോൾ സൗത്തിലെ കർഷകൻ വി.വി.സിജോ നടത്തിയ പരിശോധനയിലും 2 പോയിന്റിനെക്കാൾ കൂടുതലാണ്.
ഉപ്പിന്റെ അളവ് പരമാവധി ഒരു പോയിന്റേ പാടുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

