തൃശൂർ ∙ അനധികൃത സ്വത്തുസമ്പാദന വിഷയത്തിൽ സിപിഎം നേതാക്കന്മാർക്കെതിരായ സംഭാഷണ ശബ്ദരേഖയുടെ ആധികാരികത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ആദ്യം അംഗീകരിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്തെങ്കിലും സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിരോധത്തിൽ തന്നെയാണ്. കരുവന്നൂർ സഹകരണ ബാങ്ക് കേസിനെത്തുടർന്നുണ്ടായ വൻ അഴിമതി ആരോപണങ്ങൾക്കു പിന്നാലെ വീണ്ടും ജില്ലയിൽ സിപിഎം നേതാക്കളെ ആരോപണ മുനയിലാക്കുകയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
പുറത്തുവന്നത് തങ്ങൾ സംസാരിച്ച കാര്യം തന്നെയെന്ന് സംഭാഷണത്തിലെ പങ്കാളി നിബിൻ ശ്രീനിവാസൻ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
ഇന്നലെ നിബിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെങ്കിലും നിബിൻ പിന്നാക്കം പോയില്ല. അഞ്ച് വർഷം മുൻപത്തെ സംഭാഷണമാണെന്ന് ശരത് പറഞ്ഞത് ശരിയാകാൻ സാധ്യതയില്ലെന്നും ഒന്നര വർഷം മുൻപാണ് ഈ വിഷയം സംസാരിച്ചതെന്നും നിബിൻ വ്യക്തമാക്കി.
5 വർഷം മുൻപാണെങ്കിൽ അന്ന് ശരത് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. ഒന്നര വർഷം മുൻപ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു.
ശരത് നിഷേധിച്ചാലും ഓഡിയോയിൽ ഉള്ള രണ്ടാമൻ താൻ തന്നെയാണെന്നും റെക്കോർഡ് ചെയ്തത് ആരെന്ന് അറിയില്ലെന്നും നിബിൻ പറഞ്ഞു. സംഭാഷണം പുറത്തുവിട്ടതും താനല്ല.
മണ്ണുത്തി ഏരിയ കമ്മിറ്റിക്കു കീഴിലെ 5 സഹകരണ സ്ഥാപനങ്ങളിൽ സിപിഎം നേതാക്കന്മാരുടെ നേതൃത്വത്തിൽ വലിയ അഴിമതി നടത്തുന്നുവെന്നും കുഴൽപ്പണക്കാരെ പോലും പാർട്ടി അംഗത്വത്തിലേക്കു കൊണ്ടുവരുന്നെന്നും ചൂണ്ടിക്കാണിച്ച് നിബിൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു മാസങ്ങൾക്കുമുൻപ് പരാതി അയച്ചിരുന്നു.
ഇതിൽ നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് നിബിൻ പാർട്ടി നേതൃത്വവുമായി അകന്നു. മുൻപ് മണ്ണുത്തി ഏരിയ കമ്മിറ്റി അംഗമായിരുന്ന നിബിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കൽ കമ്മിറ്റി അംഗമാക്കി തരംതാഴ്ത്തിയത്.
ഇതേ വിഷയങ്ങളിൽ നടത്തറ വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി ടി.എസ്.ബിജു കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ.വി.വൈശാഖനെ ആരോപണങ്ങളെത്തുടർന്നു പുറത്താക്കിയപ്പോൾ പകരം സെക്രട്ടറി സ്ഥാനത്തു വന്നയാളാണ് ശരത് പ്രസാദ്.
വൈശാഖനെ പാർട്ടി തിരിച്ചെടുക്കാനൊരുങ്ങുമ്പോഴാണ് ശരത്തിനെതിരായ ഓഡിയോ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
ആരോപണം നിഷേധിച്ച് സിപിഎം
തൃശൂർ ∙ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി.ശരത്പ്രസാദിന്റേതായി പുറത്തുവന്ന ശബ്ദരേഖയിലെ ആരോപണങ്ങൾ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണനും സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദറും നിഷേധിച്ചു. ശരത്പ്രസാദിൽനിന്നു വിശദീകരണം തേടുമെന്ന് അബ്ദുൽ ഖാദർ പറഞ്ഞു.‘ഏതു ബാങ്കിലാണ് എനിക്ക് കോടികളുള്ളത്? 100 രൂപയിൽ കൂടുതലുള്ള അക്കൗണ്ട് ഒരു ബാങ്കിലുമില്ല.
ശരത്പ്രസാദ് പറയുന്നത് അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ്. രാത്രി എന്തെല്ലാം സ്വപ്നങ്ങൾ ആളുകൾ കാണുന്നുണ്ട്.
പണ്ടും എനിക്കെതിരെ പറഞ്ഞു കൂട്ടിയതിനു കയ്യും കണക്കുമില്ല.
25 കൊല്ലം മുൻപ് ഓടിട്ട വീടിന്റെ പടം സൗധമാണെന്ന രീതിയിൽ പത്രത്തിൽ വന്നത് ഞാൻ കണ്ടു.
ഇതൊന്നും എനിക്കു പ്രശ്നമേയല്ല. ഞങ്ങളെ ആരും ഡീലർമാർ എന്നു വിളിക്കാറില്ല.
ഒരു പാർട്ടിക്കാരനും അങ്ങനെ പറയില്ല. സമ്പന്നന്മാർക്കിടയിലെ ഡീലറാണെന്ന ആക്ഷേപം എ.സി.മൊയ്തീനെക്കുറിച്ച് എനിക്കില്ല.
മറ്റ് ആക്ഷേപങ്ങൾ എനിക്കറിയില്ല. എന്റെ സാമ്പത്തിക നിലയെക്കുറിച്ച് അന്വേഷിക്കൂ.
കരുവന്നൂർ ബാങ്ക് കേസിനെത്തുടർന്ന്, ഇ.ഡി അന്വേഷിച്ചിട്ട് നയാപൈസ എന്റെ പേരിൽ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ. 6 പ്രാവശ്യം ഇ.ഡി എന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
50 കൊല്ലം മുൻപു വരെയുള്ള എല്ലാ രേഖകളും പരിശോധിച്ചു.
കുടുംബാംഗങ്ങളുടെയും അകന്ന ബന്ധുക്കളുടെയും വരെ രേഖകൾ എടുത്തുകൊണ്ടുപോയി. നയാ പൈസയുടെ വിഷയം എന്റെ പേരിൽ ഉന്നയിക്കാനോ ചാർജ് ഷീറ്റ് നൽകാനോ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല.
നടത്തറയിലോ മറ്റിടങ്ങളിലോ എന്റെ അറിവിൽ പാർട്ടിയുടെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പുണ്ടായിട്ടില്ല’– എം.കെ.കണ്ണൻ പറഞ്ഞു.ഏതാനും വർഷങ്ങൾക്കു മുൻപ് പറഞ്ഞതായ ഓഡിയോ ക്ലിപ്പാണ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതായി കണ്ടതെന്നും അതിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.വി.അബ്ദുൽഖാദർ പറഞ്ഞു.
ഇത്തരത്തിൽ അനുചിതമായ പരാമർശം ഏതാനും വർഷങ്ങൾക്കു മുൻപു നടത്തിയതാണെങ്കിൽ പോലും അതു തീർച്ചയായിട്ടും തെറ്റായിട്ടുള്ള കാര്യമായി കാണുകയാണ്. തെറ്റായിട്ടുള്ള പരാമർശം ഏതു സാഹചര്യത്തിലാണ് നടത്താൻ ഇടയായതെന്ന് ശരത്പ്രസാദിനോടു തന്നെ നേരിട്ട് വിശദീകരണം ആവശ്യപ്പെടും.
തുടർന്ന് ഉചിതമായ നടപടികൾ പാർട്ടി സ്വീകരിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞതിനപ്പുറമൊന്നും പറയാനില്ലെന്ന് എ.സി.മൊയ്തീൻ എംഎൽഎ പറഞ്ഞു.
നികുതി, വിജിലൻസ് അധികൃതർക്ക് പരാതി നൽകി കോൺഗ്രസ്
തൃശൂർ∙ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എം.കെ.കണ്ണൻ, എ.സി.മൊയ്തീൻ എന്നിവരുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി കമ്മിഷണർക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയെന്ന് എഐസിസി അംഗം അനിൽ അക്കര അറിയിച്ചു. എ.സി.
മൊയ്തീൻ മന്ത്രിയായിരുന്നപ്പോഴും എം.കെ.കണ്ണൻ ജില്ലാ, സംസ്ഥാന, കേരള ബാങ്ക് എന്നിവയുടെ ഡയറക്ടർ ആയിരുന്നപ്പോഴുമാണ് അനധികൃത സ്വത്ത് സമ്പാദിച്ചത്.
ഇവരുടെ ബെനാമികളുടെയും സ്വന്തക്കാരുടെയും നിലവിലെ ആസ്തി പരിശോധിച്ചാൽ മനസ്സിലാകും. ലൈഫ് മിഷൻ അഴിമതിയിൽ എ.സി.മൊയ്തീൻ അനധികൃതമായി വിദേശ പണം കൈപ്പറ്റിയിട്ടുണ്ട്.
ഇവർക്കെതിരായ കൂടുതൽ തെളിവുകൾ അന്വേഷണ ഘട്ടത്തിൽ ഹാജരാക്കുമെന്നും അനിൽ അക്കര പറഞ്ഞു. സിപിഎം നേതാക്കളുടെ കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക വളർച്ച സംശയാസ്പദമാണെന്നും സർക്കാർ സമഗ്രാന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

