
തൃശൂർ ∙ ഒരു കിലോമീറ്റർ റോഡിന്റെ രണ്ടറ്റങ്ങളിലായി 2 ശിലാഫലകങ്ങൾ. റോഡിന്റെ ആദ്യ ഉദ്ഘാടനം കഴിഞ്ഞ 6ന് ഡപ്യൂട്ടി മേയർ എം.എൽ.
റോസിയും രണ്ടാമത്തെ ഉദ്ഘാടനം ഇന്നലെ മന്ത്രി ആർ.ബിന്ദുവും നിർവഹിച്ചു. രണ്ടാം ചടങ്ങിൽ ശ്രദ്ധേയമായി ഡപ്യൂട്ടി മേയർ എം.എൽ.റോസിയുടെ സാന്നിധ്യം.
സമർപ്പണോദ്ഘാടനത്തിനു ശേഷം മന്ത്രി ആർ.ബിന്ദുവും ഡപ്യൂട്ടി മേയർ എം.എൽ.റോസിയും പരസ്പരം പ്രശംസിച്ചതും ശ്രദ്ധേയമായി. ഒന്നരക്കോടി രൂപ ചെലവിൽ ടൈൽ ചെയ്ത് കോർപറേഷൻ നവീകരിച്ച അരിസ്റ്റോ റോഡിനാണ് രണ്ട് അറ്റങ്ങളിൽ രണ്ട് ഉദ്ഘാടനവും രണ്ട് ശിലാഫലകങ്ങളും പേറാനുള്ള ഭാഗ്യം സിദ്ധിച്ചത്.
റോഡ് ഉൾപ്പെട്ട
മിഷൻ ക്വാർട്ടേഴ്സ്, പള്ളിക്കുളം ഡിവിഷനുകളിലെ കൗൺസിലർമാർ ലീല വർഗീസും ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോളയും ചടങ്ങ് ബഹിഷ്കരിച്ചു. ‘10 വർഷം റോസി ചേച്ചിക്കൊപ്പം കോർപറേഷനിൽ പ്രവർത്തിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. റോസി ചേച്ചി 30 കൊല്ലം കൗൺസിലറായി പ്രവർത്തിച്ചയാളാണ്.
സമൂഹത്തിൽ മറ്റുള്ളവർക്കു വേണ്ടി നിലകൊള്ളാനുള്ള തികഞ്ഞ പ്രതിബദ്ധതയുടെ അടയാളപ്പെടുത്തലാണ് ഈ പ്രവർത്തന കാലയളവ്’–മന്ത്രി ആർ.ബിന്ദു പറഞ്ഞു.
‘ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച ഈ റോഡ് ഉദ്ഘാടനം ചെയ്യാനുള്ള യോഗ്യത എന്തുകൊണ്ടും മന്ത്രി ആർ. ബിന്ദുവിനു തന്നെയാണ്.
ഇന്നത്തെ ഉദ്ഘാടനം മന്ത്രിയാണ് ചെയ്യുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ ആദ്യ ഉദ്ഘാടനം ചെയ്യുമായിരുന്നില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കോർപറേഷൻ ഇടതുഭരണസമിതിക്ക് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും കൂട്ടായ ചർച്ചയില്ലാത്തതിന്റെ ഒരു പോരായ്മ ഉണ്ട്’– എം.എൽ.റോസി പറഞ്ഞു. ചടങ്ങിൽ മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ കരാറുകാരനെ ആദരിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ കരോളിൻ ജെറിഷ്, വർഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ എന്നിവർ പ്രസംഗിച്ചു.
ആദ്യഫലകം തകർത്തു
എം.എൽ. റോസി ഉദ്ഘാടനം ചെയ്തതിന്റെ സ്മാരകമായി അരിസ്റ്റോ റോഡിന്റെ വടക്കുഭാഗത്തു സ്ഥാപിച്ച ശിലാഫലകം തകർത്തു.
മന്ത്രി ആർ.ബിന്ദു റോഡ് ഉദ്ഘാടനം ചെയ്യാനെത്തും മുൻപേ ശിലാഫലകം തകർക്കാൻ ഭരണപക്ഷം നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ ശിലാഫലകത്തിന് കോൺഗ്രസ് നേതാക്കൾ ചടങ്ങു കഴിയും വരെ കാവൽ നിന്നിരുന്നു. ഒടുവിൽ നേതാക്കൾ പിരിഞ്ഞതിനു ശേഷം വൈകിട്ട് ആറരയോടെ ആണ് ഫലകം തകർത്തത്. കോർപറേഷന്റെ വാഹനം ഉപയോഗിച്ച് ഫലകം ഇടിച്ചു തകർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മന്ത്രി വരുന്നതിനു മുൻപേ ശിലാഫലം പൊളിച്ചുനീക്കാനാണ് കോർപറേഷൻ സെക്രട്ടറി ഉത്തരവിട്ടിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു.
എൻജിനീയറിങ് സെക്ഷനെയും ആരോഗ്യ വിഭാഗത്തെയും ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഫലകം പൊളിച്ചാൽ ഇന്നലെ മന്ത്രി അനാച്ഛാദനം നടത്തിയ ശിലാഫലകവും പൊളിക്കുമെന്ന് രാജൻ പല്ലനും മുന്നറിയിപ്പു നൽകി. എന്നാൽ മന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താൻ ഇന്നലെ രാവിലെയാണ് കോൺഗ്രസുകാർ ശിലാഫലകം സ്ഥാപിച്ചതെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി ആരോപിച്ചു.
ഉദ്ഘാടകൻ ആകേണ്ടിയിരുന്ന മേയറുടെ പേരിലായിരുന്നു ആദ്യ ഫലകം നിർമിച്ചതെന്നതിനാൽ ഉദ്ഘാടകയായ ഡപ്യൂട്ടി മേയറുടെ പേരെഴുതിയ ഫലകം നിർമിച്ചുകിട്ടിയ ശേഷം 2 ദിവസം മുൻപാണ് ഈ ഫലകം ഇവിടെ സ്ഥാപിച്ചതെന്ന് രാജൻ പല്ലൻ പറഞ്ഞു.
സംഘർഷാവസ്ഥയെ തുടർന്ന് പൊലീസും സ്ഥലത്ത് കാവലുണ്ടായിരുന്നു. കൗൺസിലർമാരായ ലാലി ജയിംസ്, ലീല വർഗീസ്, ശ്രീലാൽ ശ്രീധർ, സിന്ധു ആന്റോ ചാക്കോള, നേതാക്കളായ ബൈജു വർഗീസ്, മിഥുൻ മോഹൻ എന്നിവരാണ് ഫലകത്തിന് കാവലായി മണിക്കൂറുകളോളം കാത്തുനിന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]