കൊരട്ടി ∙ ഡ്രെയ്നേജ് നിർമാണത്തിനായി കുഴിച്ച ഭാഗത്ത് കെഎസ്ആർടിസി ബസ് ‘മൂക്കു കുത്തിയെങ്കിലും’ മറിയാതിരുന്നതു വൻ ദുരന്തം ഒഴിവാക്കി. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് ടാറിങ്ങിൽ നിന്നു തെന്നി കുഴിക്കരികിൽ വച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്ക് ഇടിച്ചു തെറിപ്പിച്ചു ഡ്രെയ്നേജിനു മുകളിലെ സ്ലാബിലേക്കു കയറി നിന്നത്.
ബസിന്റെ മുൻ ഭാഗം തകർന്നു. ഉടൻ ബസ് നിർത്താനായതാണു രക്ഷയായത്.
അല്ലായിരുന്നുവെങ്കിൽ കുഴിയിൽ ചക്രം താഴ്ന്നു മറിയാൻ സാധ്യതയുണ്ടായിരുന്നു.
കേന്ദ്ര സർക്കാർ പ്രസിനു സമീപം വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടമെന്നു പൊലീസ് അറിയിച്ചു.നിർമാണത്തിനായി കുഴിച്ച ഭാഗം യാത്രക്കാർക്കു തിരിച്ചറിയാനും കുഴിയിൽ യാത്രക്കാരും വാഹനങ്ങളും വീഴാതിരിക്കാനുമായി കോൺക്രീറ്റ് ബ്ലോക്ക് വച്ചിരുന്നതു കുഴിയുടെ തൊട്ടടുത്താണ്. ഈ ഭാഗത്തു മറ്റു സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല.
ശക്തമായ മഴയിൽ രാത്രിയിൽ കുഴി കാണാനും സാധിക്കാത്ത സ്ഥിതിയായിരുന്നു. ഈ ഭാഗത്തു വെളിച്ചക്കുറവും വാഹനയാത്രികരെ വലയ്ക്കുന്നു.
അപകടസമയത്തു ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
കുഴിയുണ്ടെന്നു തിരിച്ചറിയാവുന്നവിധം മുന്നറിയിപ്പ് ബോർഡുകളോ റിഫ്ളക്ടറോ സ്ഥാപിച്ചിരുന്നില്ല. കുഴിയുള്ള ഭാഗം എത്തുന്നതിനു വളരെ മുൻപു മുതൽ ബാരിക്കേഡ് സ്ഥാപിച്ചു സുരക്ഷ ഒരുക്കണമെന്ന നിർദേശം നടപ്പാക്കുകയും ചെയ്തില്ല.
ഇന്നലെ രാവിലെ 9.30ന് ആണ് ബസ് അപകട സ്ഥലത്ത് നിന്നു ക്രെയിൻ ഉപയോഗിച്ച് നീക്കിയത്. അതുവരെ തൃശൂർ–എറണാകുളം ഭാഗത്തേക്ക് വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. യാത്രക്കാർക്കു മറ്റു ബസുകളിൽ യാത്ര തുടരാൻ കെഎസ്ആർടിസി സൗകര്യം ഒരുക്കിയെങ്കിലും സമയം വൈകി.
കുരുക്കിൽ മുറുകി..
കൊരട്ടി ∙ ദേശീയപാതയിൽ മുരിങ്ങൂരിലും ചിറങ്ങരയിലും ഗതാഗതക്കുരുക്കിന് ഇനിയും അയവായില്ല.
കൊരട്ടിയിൽ ഇന്നലെ അർധരാത്രിയോടെ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് മാറ്റിയത് 9 മണിക്കൂറുകൾക്ക് ശേഷമാണ്.
ഇത് എറണാകുളത്തേക്കുള്ള പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടാൻ കാരണമായി. മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് പലപ്പോഴും 2 കിലോമീറ്റർ നീണ്ടു കൊരട്ടി വരെ എത്തി. നിരത്തിൽ ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നതോടെ ജനം വലഞ്ഞു.
ഡ്രെയ്നേജിന്റെ മുകൾ ഭാഗത്തെ സ്ലാബിനു മുകളിലൂടെയും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ അടിപ്പാത നിർമാണ സ്ഥലത്തോടു ചേർന്ന് പ്രധാനമായും ഈ സ്ലാബുകൾക്കു മുകളിലൂടെയാണു പോകുന്നത്. എന്നാൽ പല സ്ലാബുകളും തകർച്ചയുടെ വക്കിലെത്തിയ സ്ലാബുകൾ മാറ്റി സ്ഥാപിക്കാത്തതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
മാറ്റി സ്ഥാപിച്ച സ്ലാബുകൾ മറ്റു സ്ലാബുകളേക്കാൾ താഴ്ന്നിരിക്കുന്നതും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കു വഴിയൊരുക്കുകയാണ്.
ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വർധിച്ചതോടെ വാഹനങ്ങൾ പൊലീസ് സമാന്തര റോഡുകളിലൂടെ തിരിച്ചു വിട്ടെങ്കിലും കുരുക്കു പരിഹരിക്കാനായില്ല. ഇന്നലെ കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനാിയ ആയിരക്കണക്കിനു വാഹനങ്ങൾ ദേശീയപാതയിലൂടെ അധികമായെത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചു കുരുക്കു നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണു റൂറൽ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു
ചാലക്കുടി ∙ തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിന്റെ മുന്നിലെ ടയറുകളിലൊന്ന് ഊരിത്തെറിച്ചു. പുതിയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം റോഡിൽ കുത്തി നിന്നതിനാൽ വൻ അപകടം ഒഴിവായി. ദേശീയപാതയിൽ പോട്ടയ്ക്കും ചാലക്കുടിക്കും ഇടയിൽ നഗരസഭാ ക്രിമറ്റോറിയത്തിനു സമീപം ഇന്നലെ വൈകിട്ട് 5.30നാണു സംഭവം.
മുൻ ഭാഗം റോഡിൽ ഉരഞ്ഞെങ്കിലും ബസ് ഉടൻ നിർത്താനായി. തെറിച്ചുപോയ ടയർ സമീപത്തുള്ള വാഹനങ്ങളിൽ തട്ടാതിരുന്നതും അപകടം ഒഴിവാക്കി. യാത്രക്കാരെ പിന്നീടു മറ്റൊരു ബസിൽ കയറ്റി വിട്ടു. ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]