പട്ടിക്കാട്, കൊരട്ടി, കൊടകര മേഖലകളിലെ ദേശീയപാതയിൽ പുതുതായി നിർമിച്ച മേൽപാതകൾക്ക് മുകളിലെ തെരുവുവിളക്കുകൾ ഒരാഴ്ചയായി പ്രവർത്തിക്കുന്നില്ല. മേൽപാതകൾ ഗതാഗതത്തിനായി തുറന്നു നൽകിയതിന് പിന്നാലെ ഒന്നരമാസത്തോളം വിളക്കുകൾ പ്രകാശിച്ചിരുന്നുവെങ്കിലും, നിലവിൽ അവ പൂർണ്ണമായും അണഞ്ഞ അവസ്ഥയിലാണ്.
നിർമാണം പൂർത്തിയാക്കി ഔദ്യോഗികമായി കൈമാറുന്നതുവരെ വിളക്കുകൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കരാർ കമ്പനി. ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും, ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ മണിക്കൂറിലും ഈ മേൽപാതകളിലൂടെ കടന്നുപോകുന്നത്.
വെളിച്ചം ഇല്ലാത്തത് രാത്രികാല യാത്രക്കാർക്ക് കനത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. മുരിങ്ങൂർ, ചിറങ്ങര മേൽപാതകളിലെ വിളക്കുകളുടെ ഫ്യൂസുകൾ ഊരി മാറ്റിയ നിലയിലാണ്.
മുരിങ്ങൂരിൽ രണ്ടാഴ്ച മുൻപും ചിറങ്ങരയിൽ ഈ മാസമാദ്യവുമാണ് വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയത്. ചിറങ്ങരയിൽ വെറും രണ്ടു ദിവസം മാത്രമാണ് വിളക്കുകൾ കത്തിനിൽക്കാൻ അനുവദിച്ചത്.
ദേശീയപാത അതോറിറ്റിയാണ് കെഎസ്ഇബിക്ക് വൈദ്യുതി ബിൽ നൽകേണ്ടത്. എന്നാൽ നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ വിളക്കുകൾ പ്രവർത്തിപ്പിക്കേണ്ടെന്ന നിലപാടാണ് അതോറിറ്റിയുടേത്.
കല്ലിടുക്ക്, മുടിക്കോട് മേൽപാതകളും സർവീസ് റോഡുകളും സമാനമായ രീതിയിൽ ഇരുട്ടിലായിരിക്കുകയാണ്. നേരത്തേ പണി പൂർത്തിയായ വഴുക്കുംപാറ മേൽപാതയിൽ ഇതുവരെയും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല.
മണ്ണുത്തി മുതൽ ജില്ലാ അതിർത്തിയായ വാണിയമ്പാറ വരെ നിർമാണത്തിലുള്ള മൂന്ന് മേൽപാതകളിൽ മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങൾ മാസങ്ങൾക്ക് മുൻപേ ഗതാഗതസജ്ജമായിരുന്നു. വാണിയമ്പാറ അടിപ്പാതയുടെ നിർമാണം പ്രാരംഭ ഘട്ടത്തിലാണ്.
കൂടാതെ, പേരാമ്പ്ര അടിപ്പാതയുടെ മുകളിലെ അനുബന്ധ റോഡും ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വെളിച്ചമില്ലാതെ കിടക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി സനീഷ്കുമാർ ജോസഫ് എംഎൽഎ രംഗത്തെത്തി.
“ദേശീയപാതയിലെ മേൽപാതകളിൽ സ്ഥാപിച്ച തെരുവുവിളക്കുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്പ്പിച്ചതു നിർമാണ കരാറുകാരാണെന്നു” അദ്ദേഹം അറിയിച്ചു. 11 അടിപ്പാതകളുടെ നിർമാണ കരാറെടുത്തിരിക്കുന്നത് പിഎസ്ടി എന്ന കമ്പനിയാണ്.
നിർമാണം പൂർത്തിയായാലേ ദേശീയപാത അതോറിറ്റി വൈദ്യുതി ബിൽ അടയ്ക്കുകയുള്ളൂ എന്നതിനാലാണ് ബിൽ ബാധ്യത ഒഴിവാക്കാൻ കരാറുകാർ ഫ്യൂസ് ഊരിയതെന്ന് അദ്ദേഹം വിശദീകരിച്ചു. വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടതായും എംഎൽഎ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

