തൃശൂർ ∙ ഗുരുവായൂർ ക്ഷേത്രം റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പുനടത്തിയ ഹരിയാനക്കാരനായ പ്രതിയെ ഉത്തർപ്രദേശിലെ ഡൻകോറിൽനിന്നു പിടികൂടി. മേവാത്ത് സ്വദേശി മുഹമ്മദ് ഷാനെ (24) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ വെബ്സൈറ്റ് നിർമാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റു ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനൊരുങ്ങുന്ന ഭക്തരിൽ നിന്ന് ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
രാജ്യത്തെ പ്രസിദ്ധമായ വിവിധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും ഒട്ടേറെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചും സമാന തട്ടിപ്പുനടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സംസ്ഥാനക്കാരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
തട്ടിപ്പിനിരയാകുന്ന ആളുകൾക്ക് നഷ്ടമാകുന്ന തുക ചെറുതായതിനാൽ പലരും പരാതി നൽകാറില്ലായിരുന്നു. തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് പരിശോധിച്ചതിൽ 15 ദിവസത്തിനുള്ളിൽ 97 ലക്ഷം രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ചെറിയ തുകകളായി എത്തിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

