
പഴുതടച്ച് സുരക്ഷയൊരുക്കി പ്രതിച്ഛായ വീണ്ടെടുത്ത് പൊലീസ്; മുഴുവൻ പൊലീസുകാരെയും അഭിനന്ദിച്ച് കമ്മിഷണർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ പൂരം കലക്കൽ ആരോപണത്തിലെ പ്രതിക്കൂട്ടിൽ നിന്നു സുരക്ഷിത പൂരം നടത്തിപ്പിന്റെ പൊൻതൂവൽ ശിരസ്സിലേറ്റി പൊലീസ്. കഴിഞ്ഞ രണ്ടു പൂരങ്ങളിൽ മോശം പെരുമാറ്റവും അമിത നിയന്ത്രണങ്ങളുമായി പൂരപ്രേമികളുടെ ഹൃദയം തകർത്തെന്ന ആരോപണം നേരിടേണ്ടി വന്ന പൊലീസ് ഇത്തവണ എല്ലാവരുടെയും ഹൃദയം കവർന്നു. പഴുതടച്ച സുരക്ഷ ഒരുക്കിയപ്പോൾ പോലും പൂരാസ്വാദനത്തിനു തടസ്സമുണ്ടാക്കാതെ ശ്രദ്ധിച്ചു. പരാതികളില്ലാതെ പൂരം നടത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദമറിയിച്ചു കമ്മിഷണർ ആർ. ഇളങ്കോ വയർലെസ് സെറ്റിലൂടെ മുഴുവൻ പൊലീസുകാർക്കും അഭിനന്ദനമറിയിച്ചു.
‘എടുത്തുകൊണ്ടുപോടാ നിന്റെ പട്ട’ എന്നു മുൻ കമ്മിഷണർ ആനക്കാരോട് ആക്രോശിക്കുന്ന വിവാദ വിഡിയോ അടക്കം പുറത്തുവന്ന കഴിഞ്ഞ പൂരത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ സുരക്ഷ ഒരുക്കിയത്. പല ജില്ലകളിൽ നിന്നായി പരിചയസമ്പന്നരായ നാലായിരം പൊലീസുകാരെയാണു നിയോഗിച്ചത്.
സ്വരാജ് റൗണ്ടിൽ നിന്നു പൂരം കാണാൻ കാഴ്ചക്കാർക്ക് അവസരം ഒരുക്കിയതും സമയക്രമം പാലിച്ചു ചടങ്ങുകൾ നടത്താൻ പ്രത്യേക ലെയ്സൺ ഓഫിസർമാരെ നിയോഗിച്ചതും ആവശ്യത്തിലധികം പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജീകരിച്ചതും ലഹരി ഉപയോഗക്കാരെ അകറ്റിനിർത്തിയതുമെല്ലാം പൊലീസിന്റെ മികവായി. നല്ല പെരുമാറ്റം ഒരുവശത്തു നിന്നുറപ്പാക്കിയപ്പോൾ മറുവശത്തു കർക്കശമായ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തി. 350ലേറെ സിസിടിവി ക്യാമറകൾ വഴി പൂരനഗരിയാകെ തൽസമയ നിരീക്ഷണത്തിലാക്കിയതിനാൽ അനിഷ്ട സംഭവങ്ങൾ ഇല്ലെന്നുറപ്പാക്കാനായി.
കഴിഞ്ഞ 2 പൂരങ്ങളിൽ പൂരക്കമ്മിറ്റിക്കാരോടും പൂരപ്രേമികളോടും പൊലീസിന്റെ പെരുമാറ്റം വലിയ പ്രശ്നങ്ങൾക്കു വഴിയൊരുക്കിയിരുന്നു. പൂരം നിർത്തിവയ്ക്കുന്നതിലേക്കടക്കം സംഘാടകർ നീങ്ങാൻ കാരണം പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നു വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരം പരാതികളൊന്നും ഇക്കുറി ഉണ്ടായില്ല.
ഡ്യൂട്ടി: പൊലീസിന് യാതനയുടെ പൂരം
തൃശൂർ ∙ പരാതിയില്ലാതെ പൂരം നടത്താൻ രാപകൽ യത്നിച്ച പൊലീസുകാർക്കു പൂരം ഡ്യൂട്ടി സമ്മാനിച്ചതു യാതനയെന്നു വ്യാപക പരാതി. പല ജില്ലകളിൽ നിന്നെത്തി 5 നു വൈകിട്ടു ഡ്യൂട്ടി തുടങ്ങിയ പൊലീസുകാരിലേറെപ്പേർക്കും താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നാണു പരാതി. ഇന്നലെ പകൽപൂരം അവസാനിച്ച ശേഷമാണ് ഇവരുടെ ഡ്യൂട്ടി പൂർത്തിയായത്. ഈ സമയം മുഴുവൻ ശരിയായി വിശ്രമിക്കാൻ പോലും സൗകര്യമില്ലാതെ വലഞ്ഞെന്നാണു പരാതി.
മുൻപൊക്കെ പൂരം ഡ്യൂട്ടി ചെയ്യുന്നവർക്കു കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയവ അതതു ഡ്യൂട്ടി പോയിന്റുകളിൽ എത്തിച്ചു നൽകിയിരുന്നു. എന്നാൽ, ഇത്തവണ പലയിടത്തും ഇതൊന്നും ലഭിച്ചില്ല. ഡ്യൂട്ടി ലഭിച്ച സ്ഥലങ്ങളിൽ മിക്കയിടത്തും ഹോട്ടലുകളില്ലാത്തതിനാൽ സ്വന്തം നിലയ്ക്കു ഭക്ഷണം വാങ്ങാൻ പോലും പലർക്കും കഴിഞ്ഞില്ല.