
ആമ്പല്ലൂർ ∙ 5 മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. ഭരത, ചെമ്പംകണ്ടം, കല്ലൂർ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി.
കല്ലൂർ ആലേങ്ങാട് പ്രദേശത്ത് ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത നേന്ത്രവാഴത്തോട്ടങ്ങളിലും പാടശേഖരങ്ങളിലും വെള്ളം കയറി. മലവെള്ളപ്പാച്ചിലിൽ ഭരത ചെമ്പംകണ്ടം റോഡ് വെള്ളത്തിൽ മുങ്ങി.
കല്ലൂർ അയ്യങ്കോട് റോഡിലും വെള്ളക്കെട്ടുണ്ടായി. ഭരതയിൽ മാക്കിലക്കുളം തോടിന്റെ ബണ്ട് ഇടിഞ്ഞ് തോട് ഗതിമാറിയൊഴുകി.
സ്വകാര്യവ്യക്തികളുടെ പറമ്പുകളിലൂടെ വെള്ളം കുതിച്ചെത്തിയതോടെ വ്യാപകമായി കൃഷി നശിച്ചു. പൂക്കോട്, കാവല്ലൂർ പാടം നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി.
ഞെള്ളൂർ വട്ടണാത്ര റോഡിലും പാടംവഴി ഞെള്ളൂർ റോഡിലും വെള്ളം കയറി. സമീപത്തെ വീടുകളും വെള്ളക്കെട്ടിലായി.
മിക്കയിടത്തും നെൽക്കൃഷിയും വാഴക്കൃഷിയും വെള്ളത്തിലാണ്. ഭരത കനാൽ ബണ്ട് റോഡിന്റെ വശം ഇടിഞ്ഞുവീണത് ഭരത കരോടൻ ഷാജുവിന്റെ വീടിനു ഭീഷണിയായി.
കല്ലൂർ വിഎൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു, 20 കുടുംബങ്ങൾ എത്തി.
മലവെള്ളം വീടുകളിൽ; പരിഭ്രാന്തരായി നാട്ടുകാർ
വരന്തരപ്പിള്ളി ∙ പാലപ്പിള്ളി മൈസൂർ ഭാഗത്ത് മലയിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിൽ കയറിയതോടെ നാട്ടുകാർ പരിഭ്രാന്തരായി. കവരംപിള്ളി, നടാംപാടം എന്നിവിടങ്ങളിൽ തോട് കരകവിഞ്ഞ് വീടുകളിലും റോഡിലും വെള്ളം കയറി.കുരിടി പാലത്തിനു സമീപം വെള്ളം കയറിയതോടെ വരന്തരപ്പിള്ളി റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
വരന്തരപ്പിള്ളി മേഖലയിലെ ചെറുറോഡുകൾ പലതും വെള്ളക്കെട്ടിലായി.
വിദ്യാർഥികളുടെ സുരക്ഷയെക്കരുതി വരന്തരപ്പിള്ളി, പള്ളിക്കുന്ന്, വേലൂപ്പാടം എന്നിവിടങ്ങളിലെ സ്കൂളുകൾ നേരത്തെ വിട്ടു. കുറുമാലി പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.
ചെങ്ങാലൂർ ശാന്തിനഗർ എസ്എൻ പുരം റോഡിൽ വരിക്കലങ്ങാടി പ്രദേശത്ത് കാന തകർന്ന് സ്വകാര്യവ്യക്തിയുടെ മതിൽ ഇടിഞ്ഞുവീണു. മലയോര മേഖലയിൽ മഴ ശക്തമായതോടെ പുഴകളിലും തോടുകളിലും മലവെള്ളപ്പാച്ചിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]