തൃശൂർ ജില്ലയിലെ വടക്കേകാടിന് സമീപം ഞമനേങ്ങാട് മൂന്നുംകൂടിയ കവലയുടെ പഴയകാല പ്രൗഢി വിളിച്ചോതുന്ന ചരിത്രശേഷിപ്പായ അപ്പുണ്ണ്യേട്ടന്റെ ചായക്കട ഇന്നലെ പൂർണ്ണമായി അടച്ചുപൂട്ടി. കഴിഞ്ഞ 56 വർഷം നീണ്ട
സേവനമാണ് ഇതോടെ എന്നന്നേക്കുമായി അവസാനിച്ചത്. ഉച്ചയോടെ കട
പൂർണ്ണമായി പൊളിച്ചുനീക്കിയതോടെ, പതിറ്റാടുകളായി പ്രദേശവാസികൾക്ക് ചൂടുള്ള പൊറോട്ടയും സാമ്പാറും ചമ്മന്തിയും വിളമ്പിയ ആ നാടൻ കട ഇനി ഓർമകളിൽ മാത്രം.
1970-ലാണ് അപ്പുണ്ണ്യേട്ടൻ ഈ ചായക്കട ആരംഭിക്കുന്നത്.
കാലത്തിന്റെ മാറ്റത്തിൽ അക്കാലത്ത് സമീപത്തുണ്ടായിരുന്ന തയ്യൽകടയും മിഠായി പീടികയും പലചരക്ക് കടയുമെല്ലാം വർഷങ്ങൾക്കു മുൻപ് തന്നെ അപ്രത്യക്ഷമായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഈ ചായക്കട
മാത്രം തലയുയർത്തി നിന്നു. അപ്പുണ്ണ്യേട്ടന്റെ വിയോഗ ശേഷം മകൻ സുരേഷും ഭാര്യ രതിയും മക്കളും ചേർന്നാണ് പിന്നീട് കച്ചവടം മുന്നോട്ട് കൊണ്ടുപോയത്.
രാവിലെ എട്ടരയോടെ പ്രവർത്തനമാരംഭിക്കുന്ന കടയിൽ ഉച്ചയ്ക്ക് മുൻപ് 11 മണിക്ക് തന്നെ കച്ചവടം അവസാനിപ്പിക്കുക പതിവായിരുന്നു. ഇവിടത്തെ പൊറോട്ടയും സാമ്പാറുമായിരുന്നു പ്രധാന ആകർഷണം.
വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾ ഒത്തുകൂടുന്ന പ്രധാന കേന്ദ്രം കൂടിയായിരുന്നു ഇത്. വൈദ്യുതി കണക്ഷൻ പോലും ഇല്ലാതിരുന്ന ഈ കടയിലേക്ക് പാചകത്തിനുള്ള വെള്ളം പോലും പുറത്തുനിന്നാണ് എത്തിച്ചിരുന്നത്.
അടുക്കളയിലെ ആവശ്യത്തിനായി മാത്രം വീട്ടിൽ നിന്നും ദിവസവും ചാർജ് ചെയ്തു കൊണ്ടുവരുന്ന എമർജൻസി വിളക്കായിരുന്നു ഏക ആശ്രയം. അര നൂറ്റാണ്ടിനിടെ ചായ നിർമ്മാണം വിറകടുപ്പിൽ നിന്ന് ഗ്യാസ് സ്റ്റൗവിലേക്ക് മാറ്റിയത് മാത്രമാണ് ഇവിടെ വരുത്തിയ ഏക മാറ്റം.
എന്നാൽ ഗ്യാസ് വില വർധിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങളായി പൊറോട്ടയും സാമ്പാറും വീട്ടിൽ പാചകം ചെയ്താണു കൊണ്ടുവന്നിരുന്നത്. മുളയും പട്ടികയും ഉപയോഗിച്ച് നിർമ്മിച്ച് തകരഷീറ്റ് മേഞ്ഞതായിരുന്നു ഈ ചെറിയ ചായക്കട.
കട്ടിളയ്ക്ക് ഉയരം തീരെ കുറവായതിനാൽ കുനിഞ്ഞു മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ കഴിയൂ. മറ്റൊരാളുടെ സ്ഥലത്തായിരുന്നു കട
പ്രവർത്തിച്ചിരുന്നത്. സ്ഥലം ഒഴിയേണ്ടി വന്ന സാഹചര്യത്തിലാണ് ഒടുവിൽ കച്ചവടം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കട അടയ്ക്കുന്ന വിവരം അറിഞ്ഞ് ഇന്നലെ പ്രിയപ്പെട്ട
കടയിൽ അവസാനമായി പൊറോട്ട കഴിക്കാനും പ്രിയപ്പെട്ടവരെ കാണാനും നിരവധി പേരാണ് എത്തിയത്.
എല്ലാവരോടും സ്നേഹത്തോടെ വിശേഷങ്ങൾ പങ്കുവെച്ചും ഭക്ഷണം വിളമ്പിയും സുരേഷ് ആ യാത്രയേപ്പ് അർത്ഥപൂർണ്ണമാക്കി. അങ്ങനെ വടക്കേകാടിന്റെ മണ്ണിൽ അരനൂറ്റാണ്ടിലേറെക്കാലം രുചി പകർന്ന അപ്പുണ്ണ്യേട്ടന്റെ ചായക്കട ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

