
പുലിയുടെ നീക്കം തിരിച്ചറിയാനായി സ്ഥാപിച്ചത് 59 ക്യാമറകൾ; കൂട് കാണാൻ ജനങ്ങൾ എത്തരുതെന്ന് നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ പുലിയുടെ നീക്കം തിരിച്ചറിയാനായി വനംവകുപ്പ് ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമായി സ്ഥാപിച്ചത് 59 ക്യാമറകൾ. ഇതിൽ 30 എണ്ണം നഗരസഭാ പരിധിയിലാണ്. 29 എണ്ണം കാടുകുറ്റി പഞ്ചായത്ത് പരിധിയിലും. ഇതിൽ 40 ക്യാമറകൾ തിങ്കളാഴ്ച സ്ഥാപിച്ചവയാണ്. ഇന്നലെ ഇവയിലെ മെമ്മറി കാർഡുകൾ എടുത്തു പരിശോധിച്ചെങ്കിലും ഒന്നിലും പുലിയുടെ സാന്നിധ്യം അറിയാവുന്ന സൂചനകളില്ലെന്നു ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അറിയിച്ചു.
പുഴയിലൂടെ പുലി പോകാനുള്ള സാധ്യത കണക്കിലെടുത്തു പുഴയ്ക്ക് അഭിമുഖമായി ക്യാമറ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണെന്നു ഡിഎഫ്ഒ പറഞ്ഞു. ചാലക്കുടിപ്പുഴയോടു ചേർന്ന് ആൾത്താമസമില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലും വനംവകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. കണ്ണമ്പുഴ മുതൽ കോട്ടാറ്റ് വരെയുള്ള പ്രദേശങ്ങളിലെ 23 കെട്ടിടങ്ങളിലായിരുന്നു പരിശോധന. ഈ ഭാഗങ്ങളിൽ പുലിയുടെ കാൽപാടുകളോ മറ്റോ കണ്ടെത്താനായില്ല.
കൂട് കാണാൻ ജനങ്ങൾ എത്തരുത്
പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചതു കാണാനായി നാട്ടുകാർ എത്തുന്നതു ബുദ്ധിമുട്ടാകുന്നുണ്ട്. ഈ ഭാഗത്തേക്ക് ഒരു കാരണവശാലും ജനങ്ങൾ എത്തരുതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. നേരത്തെ തെർമൽ ഡ്രോൺ ക്യാമറ ഉപയോഗിച്ചു നടത്തിയ പരിശോധനയിലും പുലിയെ കണ്ടെത്താനായില്ല.
ഇന്ന് യോഗം ചേരും
കഴിഞ്ഞ ദിവസം കാടുകുറ്റിയിൽ പുലി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നു 11.30നു കാടുകുറ്റി പഞ്ചായത്ത് അടിയന്തര യോഗം ചേർന്നു സ്ഥിതി വിലയിരുത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.അയ്യപ്പൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ ദിവസം സിമേതിപ്പടിയിൽ പുഴയോടു ചേർന്നു ജനവാസമേഖലയിൽ പുലിയെ പിടികൂടാനായി ഒരു കൂടു സ്ഥാപിച്ചിരുന്നു. ഇരയായി നായയെ കെട്ടിയിടുകയും ചെയ്തു. എന്നാൽ ജനവാസ മേഖലയിലായതിനാൽ ഇവിടെ പുലി എത്താനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിൽ കൂട് കടവിനോടു ചേർന്ന കന്യാസ്ത്രീ മഠം റോഡിൽ വിജനമായ ഭാഗത്തേക്കു മാറ്റി സ്ഥാപിച്ചതായി വാഴച്ചാൽ ഡിഎഫ്ഒ ആർ.ലക്ഷ്മി അറിയിച്ചു.
പുലി കൂട്ടിൽ കുടുങ്ങിയെന്ന് വ്യാജ പ്രചാരണം
ചാലക്കുടി ∙ പുലി ‘പോട്ടയിൽ ലിജോയുടെ വീട്ടിലെ കൂട്ടിൽ കുടുങ്ങി’യെന്ന് ഇന്നലെ രാവിലെ മുതൽ പ്രചരിച്ചതു ജനത്തെയും ഉദ്യോഗസ്ഥരെയും ഒരുപോലെ കുഴക്കി. കൂട്ടിൽ പുലിയുടെ സാമ്യമുള്ള ജീവി കിടക്കുന്ന ചിത്രം സഹിതമായിരുന്നു പ്രചാരണം. നിജസ്ഥിതി അറിയാനായി വനംവകുപ്പ് ഓഫിസിലും പൊലീസ് സ്റ്റേഷനിലും പത്രം ഓഫിസുകളിലും നൂറു കണക്കിനാളുകൾ വിളിച്ചു. ഏപ്രിൽ ഫൂളാക്കാനായി ആരോ ചെയ്ത കുസൃതിയാണെന്നു പിന്നീടു വ്യക്തമായി. വ്യാജച്ചിത്രം സഹിതം തെറ്റായ പ്രചാരണം നടത്തിയതിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സംഭവത്തിനു പിന്നിലുള്ളവർക്ക് എതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു. സത്യമറിയാതെ പലരും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം പങ്കുവയ്ക്കുകയും ചെയ്തു.