കുന്നംകുളം ∙ കുറുക്കൻപാറയിലെ പരമ്പരാഗത കരിങ്കൽ കൊത്തുപണി ശാലകൾ പൊളിച്ചുനീക്കുന്നു. കുന്നംകുളം – ഗുരുവായൂർ റോഡിനോടു ചേർന്ന് 100 വർഷത്തോളം പഴക്കമുള്ള 13 കരിങ്കൽ കൊത്തുപണി കേന്ദ്രങ്ങളാണ് ഒഴിപ്പിക്കുന്നത്.
പാതയോരത്ത് നിരനിരയായി പ്രവർത്തിക്കുന്ന കരിങ്കൽ കൊത്തുപണി ശാലകളോട് ചേർന്ന ഭൂമിയിലാണ് പുതിയതായി താലൂക്ക് ആസ്ഥാന മന്ദിരം നിർമിച്ചത്. ഇൗ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യുന്ന പശ്ചാത്തലത്തിലാണ് റോഡിലെ കൊത്തുപണി കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
ഓഫിസിന്റെ പ്രവർത്തനങ്ങൾക്കും ഇവിടെ വാഹനങ്ങൾ വരുന്നതിനും കരിങ്കൽശാലകൾ തടസ്സമാകുമെന്ന് വിലയിരുത്തിയാണ് തീരുമാനം.
13 ഷെഡുകളും പൊളിച്ചുനീക്കി ഒഴിഞ്ഞുപോകാൻ ഇതിനകം അറിയിപ്പു നൽകി കഴിഞ്ഞു. ഇവയ്ക്കു പുറമേ ശേഷിക്കുന്ന ഷെഡുകൾ റോഡരികിൽനിന്ന് ഒഴിപ്പിക്കാൻ മരാമത്ത് അധികൃതർ നടപടി തുടങ്ങിയെന്നാണു വിവരം.
മറ്റിടങ്ങളിൽ ഇവർ കൊത്തുപണി നടത്തി ഉണ്ടാക്കുന്ന ശിൽപങ്ങൾ അടക്കമുള്ളവ വിൽപനയ്ക്കു പ്രദർശിപ്പിക്കാൻ പകരം സൗകര്യം ഒരുക്കും.
താലൂക്ക് ഓഫിസിന്റെ വശത്ത് ഇവർക്ക് എക്സിബിഷൻ സ്റ്റാൾ നിർമിച്ചു നൽകുകയാണ് നഗരസഭയുടെ ലക്ഷ്യം. ഈ സ്റ്റാളിൽ വിൽപനയ്ക്കു വയ്ക്കുന്നവർ നഗരസഭയ്ക്കു വാടക നൽകണം.
പണി നടത്തുന്നതിന് പകരം ഷെഡ് നിർമിക്കാൻ സർക്കാർ സഹായം വേണമെന്നാണ് ഒഴിപ്പിക്കപ്പെടുന്നവരുടെ ആവശ്യം. പ്രദേശത്തിന്റെ പാരമ്പര്യമായ തൊഴിൽ മേഖല സംരക്ഷിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
ക്വാറികൾ സുലഭം, ഗതാഗത സൗകര്യവും
കുന്നംകുളം ∙ ക്വാറികൾ ഉള്ളതിനാൽ കരിങ്കൽ സുലഭമായി ലഭിക്കുന്നതും ഗതാഗത സൗകര്യങ്ങളുമാണ് കുറുക്കൻപാറയെ കരിങ്കൽ കൊത്തുപണി നിർമാണ കേന്ദ്രമാക്കാൻ ഇടയാക്കിയത്.
ക്വാറികളുടെ പ്രവർത്തനം പിന്നീട് നിലച്ചെങ്കിലും മറ്റിടങ്ങളിൽനിന്ന് കരിങ്കൽ ഇവിടെ എത്തിച്ചു കൊത്തുപണി തുടർന്നു. മാർക്കറ്റിൽ പേരെടുത്തതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നു പോലും ആവശ്യക്കാർ ഇവിടെയെത്തി.
ക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങൾ, കൽവിളക്കുകൾ, നിർമാണത്തിനുള്ള തൂണുകൾ തുടങ്ങിയവയാണ് ഏറെ വിൽക്കുന്നത്. വീടുകൾ അലങ്കരിക്കാനുള്ള വിവിധ ഇനങ്ങൾക്കും ഇപ്പോൾ ആവശ്യക്കാരുണ്ട്.
യന്ത്രങ്ങളുടെ സഹായത്തോടെ 37 ഷെഡുകളിലാണ് നിർമാണം. നൂറ്റിമുപ്പതോളം ജോലിക്കാരിൽ ഭൂരിഭാഗം പേരും ഇന്നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

