പുന്നയൂർക്കുളം മേഖലയിലെ നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിൽ. നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സപ്ലൈകോ വഴി കർഷകർക്ക് ലഭിക്കാനുള്ളത് 10 കോടിയിലധികം രൂപയാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിളവെടുത്ത മുണ്ടകൻ കൃഷിയുടെയും, ഏപ്രിൽ, മേയ് മാസങ്ങളിൽ കൊയ്ത പുഞ്ച കൃഷിയുടെയും തുകയാണിത്. പണം എന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത ഉണ്ടായിട്ടില്ല.
ഓണം അടുത്തുവരുന്ന സാഹചര്യത്തിൽ കർഷകർ ആശങ്കയിലാണ്. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ പഞ്ചായത്തുകളിൽ മാത്രം കർഷകർക്ക് ലഭിക്കാനുള്ളത് 3 കോടിയിലധികം രൂപയാണ്.
ഈ മൂന്ന് പഞ്ചായത്തുകളിലുമായി 329 കർഷകർ ആണ് സപ്ലൈകോയ്ക്ക് നെല്ല് നൽകിയത്. ഇതിൽ പകുതിയിലേറെ പേർക്കും ഇതുവരെ തുക ലഭിച്ചിട്ടില്ല.
എസ്.ബി.ഐ, കനറ ബാങ്കുകൾ വഴിയാണ് തുക അനുവദിക്കുന്നത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം നൽകുന്നുണ്ടെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം.
കർഷകർക്ക് വായ്പയായാണ് തുക അനുവദിക്കുന്നത് എന്നതിനാൽ ഒരു അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് 45 മിനിറ്റ് വരെ വേണ്ടിവരുന്നുണ്ട്. പേ ഓർഡർ ജനറേറ്റ് ചെയ്താലും ബാങ്കിന്റെ പരിധി (ലിമിറ്റ്) കഴിഞ്ഞാൽ പിന്നീട് പണം അനുവദിക്കാൻ സാധിക്കില്ലെന്ന് എസ്.ബി.ഐ മാനേജർ കെ.എസ്.ശ്രീജിത്ത് വ്യക്തമാക്കി.
പണം വന്നിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ സീസണിലും സമാനമായ രീതിയിൽ സെപ്റ്റംബറിലാണ് കർഷകർക്ക് നെല്ലിന്റെ വില നൽകിതീർത്തത്.
ആ സമയത്ത് തുക ലഭിക്കുന്നതിനായി നിരവധി സമരങ്ങൾ സംഘടിപ്പിക്കേണ്ടി വന്നിരുന്നു. കർഷക ദിനം പോലും കരിദിനമായാണ് അന്ന് ആചരിച്ചത്.
എന്നാൽ ഇത്തവണയും സമാനമായ അവസ്ഥയാണ് ആവർത്തിക്കപ്പെടുന്നതെന്ന് കർഷകർ ആരോപിക്കുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമര പരിപാടികൾ ആലോചിക്കുന്നതിനായി വരുന്ന 5-ാം തീയതി പൊന്നാനി കോൾമേഖലയിലെ കർഷകരുടെ യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

