വിതുര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്ക് ഓണം ആഘോഷമാക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെ വനം വകുപ്പിന് മികച്ച നേട്ടം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ മഴ വെല്ലുവിളിയായെങ്കിലും വരുമാനത്തിൽ കാര്യമായ കുറവില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളിൽ ആയിരക്കണക്കിന് ആളുകളാണ് പൊന്മുടി മല കയറിയത്. ഉത്രാട
ദിനമായ ചൊവ്വാഴ്ച 1,504 ടിക്കറ്റുകളാണ് പ്രവേശനത്തിനായി വിറ്റത്. ഇതുവഴി 77,600 രൂപയാണ് സർക്കാരിലേക്ക് എത്തിയത്.
തിരുവോണ നാളിൽ 2,244 ടിക്കറ്റുകൾ വിറ്റഴിച്ചതിലൂടെ 1,05,350 രൂപ ലഭിച്ചു. അവിട്ടം ദിനത്തിൽ ടിക്കറ്റ് വിൽപ്പന 4,250 ആയി ഉയർന്നപ്പോൾ വരുമാനം 2,01,450 രൂപയായി വർധിച്ചു.
തുടർന്ന് ചതയം ദിനത്തിൽ വരുമാനം കൂടുതൽ മെച്ചപ്പെട്ട് 2,33,760 രൂപയിലെത്തി. ഈ ദിവസങ്ങളിൽ വിറ്റ ടിക്കറ്റുകളുടെ എണ്ണം 4,823 ആയി ഉയർന്നു.
ഓണാവധി ദിനങ്ങളിലെ നാല് ദിവസങ്ങളിലായി ആകെ 6,18,170 രൂപയാണ് വനം വകുപ്പിന്റെ അക്കൗണ്ടിലെത്തിയത്. കഴിഞ്ഞ വർഷം ഇത് എട്ടു ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു.
എങ്കിലും പ്രതികൂല കാലാവസ്ഥയും സ്വകാര്യ വാഹനങ്ങളുടെ കുറവും കണക്കിലെടുത്താൽ ഈ നേട്ടം തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ആളുകളെ എണ്ണിയുള്ള ടിക്കറ്റിന് പുറമെ വാഹന പാർക്കിങ് ഉൾപ്പെടെയുള്ള തുകയാണിത്.
ഇത്തവണ സ്വകാര്യ വാഹനങ്ങളുടെ വരവ് കുറഞ്ഞതും കൂടുതൽ പേരും കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചതുമാണ് മൊത്തത്തിലുള്ള കളക്ഷനിൽ ചെറിയ കുറവുണ്ടാക്കിയത്. എങ്കിലും പ്രിയദർശിനി സൗജന്യ യാത്രയുടെ കരുത്തിലാണ് വരുമാനം ആറു ലക്ഷം കടന്നത്.
മലയിലേക്ക് എത്തിയ കെഎസ്ആർടിസി ബസുകളെല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞാണ് മടങ്ങിയത്. ഓണാവധിയോടനുബന്ധിച്ച് പൊന്മുടിയിലേക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു.
ഇത് കോർപ്പറേഷനും മികച്ച വരുമാനം നൽകി. പ്രിയദർശിനി സർവീസുകളിൽ സീറ്റ് പിടിക്കുന്നതുമായി ബന്ധപ്പെട്ട് സഞ്ചാരികൾ തമ്മിൽ ചില തർക്കങ്ങൾ ഉടലെടുത്തെങ്കിലും ബസ് ജീവനക്കാരും പൊലീസും വന സംരക്ഷണ സമിതി അംഗങ്ങളും ചേർന്ന് സ്ഥിതിഗതികൾ ശാന്തമാക്കി.
മലയിറങ്ങുമ്പോഴുള്ള അപകടാവസ്ഥ ഒഴിവാക്കാൻ ബസുകളിലെ യാത്രാനിരക്കിലും ആളുകളുടെ എണ്ണത്തിലും കർശന നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ക്രമീകരിച്ചത്.
“ഈ ഓണക്കാലത്തെ പൊന്മുടിയിലെ തിരക്ക് നിയന്ത്രണ വിധേയമായിരുന്നു. വന സംരക്ഷണ സമിതി അംഗങ്ങളുടെ അധ്വാനം എടുത്തു പറയണം.
കാലാവസ്ഥ അനുകൂലമായിരുന്നെങ്കിൽ കലക്ഷൻ റെക്കാർഡ് ഭേദിച്ചേനെ.” – എസ്.ശ്രീജു, പാലോട് വനം റേഞ്ച് ഓഫിസർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

