കേരള പരീക്ഷാ ബോർഡിന്റെ ‘വ്യാജൻ’ ഉത്തർപ്രദേശിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേരളത്തിൽ സ്കൂൾതല പരീക്ഷകൾ നടത്തുന്ന പരീക്ഷാ ബോർഡിന്റെ പേരിൽ ഉത്തർപ്രദേശിൽ വ്യാജ സ്ഥാപനം. ‘കേരളം ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻസ്’ എന്ന പേരിലാണ് തട്ടിപ്പ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ bpekerala.in എന്ന വ്യാജ വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉത്തർപ്രദേശിലെ വ്യാജ സ്ഥാപനം എസ്എസ്എൽസി പരീക്ഷയടക്കം വ്യാജമായി നടത്തി കള്ളസർട്ടിഫിക്കറ്റ് നൽകിയെന്ന് പരീക്ഷാഭവൻ നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും വെബ്സൈറ്റ് അടക്കം ഇപ്പോഴും നിലനിൽക്കുകയാണ്. തട്ടിപ്പും തുടരുകയാണെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഏതാനും ദിവസം മുൻപ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം 27ന് പ്രസിദ്ധീകരിക്കുമെന്ന് വ്യാജ അറിയിപ്പ് പ്രചരിച്ചിരുന്നു.
പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജ സൈറ്റ് അഡ്രസ് അടക്കമുള്ള അറിയിപ്പ് സ്കൂൾ വാട്സാപ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുകയും ചെയ്തു. ഇത്തരം വ്യാജ സ്ഥാപനങ്ങൾക്കും വെബ്സൈറ്റുകൾക്കും എതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സംവിധാനങ്ങളിലൂടെയുള്ള അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂവെന്നും മന്ത്രി പറഞ്ഞു.