കോവളം∙ പൈതൃകത്തിന്റെ പെരുമയും ആധുനികതയുടെ ആവേശവും സമന്വയിപ്പിച്ചുകൊണ്ട് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV) അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വൗ വുമൻസ് വീക്ക് (‘WOW’ Women’s Week) സംഘടിപ്പിക്കുന്നു. ടിക്കർ ഇവന്റ്സുമായി (Tiqr Events) സഹകരിച്ച് മാർച്ച് 6 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന വിപുലമായ കലാവിരുന്നുകളാണ് വില്ലേജിൽ ഒരുക്കിയിരിക്കുന്നത്.
മാർച്ച് 6ന് അരങ്ങേറുന്ന ‘ഗോസിപ്പ്’ (Gossip) എന്ന തിയറ്റർ ഡാൻസിലൂടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.
കഥകളിയുടെ ആഢ്യത്തവും സമകാലീന നൃത്തത്തിന്റെ (Contemporary Dance) ലാളിത്യവും തമ്മിലുള്ള ഒരു അപൂർവ സംവാദമാണ് ഈ നൃത്തരൂപം. പൂർണ വേഷത്തിലുള്ള കഥകളി കലാകാരനും ആധുനിക നർത്തകരും അണിനിരക്കുന്ന ഈ ആവിഷ്കാരം, കലയിലെ പാരമ്പര്യം എന്നത് നിശ്ചലമായ ഒന്നല്ലെന്നും അത് നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും ഓർമിപ്പിക്കുന്നു.
പഴമയും പുതുമയും തമ്മിലുള്ള ഈ രസകരമായ സമാഗമം കാണികൾക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക എന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ടി.യു.ശ്രീപ്രസാദ് പറഞ്ഞു.
തുടർന്ന് മാർച്ച് 7ന് ഹോളി ആഘോഷങ്ങളുടെ ഭാഗമായി ‘രംഗോത്സവ് 2026’ അരങ്ങേറും. ആധുനിക സംഗീതത്തിന്റെയും പരമ്പരാഗത താളങ്ങളുടെയും സമന്വയമാണ് ഇവിടെ ഒരുക്കുക.
ലൈവ് ഡിജെ, ഡോൾ മേളം, ലേസർ ദർബുക തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഫോം പാർട്ടി, റെയിൻ ഡാൻസ് എന്നിവയ്ക്കൊപ്പം സെൽഫി പോയിന്റുകളും ഗെയിമുകളും ഭക്ഷണ സ്റ്റാളുകളും ഉൾപ്പെടുന്ന ഈ ഉത്സവം കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകും.
പരിസ്ഥിതി സൗഹൃദമായ ഹെർബൽ നിറങ്ങൾ മാത്രമാണ് ആഘോഷത്തിനായി ഉപയോഗിക്കുന്നതെന്നും ശ്രീപ്രസാദ് കൂട്ടിച്ചേർത്തു.
ആഘോഷ പരമ്പരയുടെ സമാപനമായ മാർച്ച് 8ന് (അന്താരാഷ്ട്ര വനിതാ ദിനം) രാജാ രവിവർമ്മ ചിത്രങ്ങളെ ആസ്പദമാക്കിയുള്ള ബൃഹത്തായ തിയറ്റർ നൃത്തരൂപം അരങ്ങേറും. രവിവർമ്മയുടെ വിഖ്യാത ചിത്രമായ ‘എ ഗാലക്സി ഓഫ് മ്യൂസിഷ്യൻസ്’ എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ഈ നൃത്തശില്പം ഒരുങ്ങുന്നത്.
ഭാരതീയ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളെയും ദേശീയ ഐക്യത്തെയും വസ്ത്രലാവണ്യത്തിലൂടെയും ചടുലമായ ചുവടുകളിലൂടെയും വേദിയിൽ പുനർനിർമിച്ചുകൊണ്ട് വനിതാ ദിനത്തിന് ഉചിതമായ ഒരു ആദരമായി ഈ പരിപാടി മാറും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

