വെള്ളറട∙ യുവാവിനെ വിളിച്ചുവരുത്തി മൂന്നു ദിവസത്തോളം ക്രൂരമർദനത്തിനിരയാക്കി പണം തട്ടിയെടുത്ത ശേഷം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച സംഘം പിടിയിൽ. ദേഹമാസകലം മർദിക്കുകയും കത്തികൊണ്ടുവരയുകയും നഖങ്ങൾ പിഴുതെടുക്കുകയും ഉൾപ്പെടെ ക്രൂരമായ പീഡനമാണ് യുവാവ് നേരിട്ടത്. പെൺകുട്ടിയെന്ന വ്യാജേന സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് സംഘം യുവാവിനെ വിളിച്ചുവരുത്തിയത്.ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്ത ആറംഗസംഘത്തിൽ കാപ്പ കേസിലെ പ്രതികളായ രണ്ടുപേരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമുണ്ട്.
കീഴാറൂർ ഇടവാൽ ഇഴവിക്കോണം മാമൂട്ടുവിളാകം വീട്ടിൽ നിധീഷ്(വലിയകാണി–25), സഹോദരൻ നിധിൻ (കൊച്ചുകാണി–24), ആര്യങ്കോട് പത്തിക്കുഴി പി.കെ.ഹൗസിൽ ശ്രീജിത്ത്(ശ്രീക്കുട്ടൻ–24), ബാലരാമപുരം പുന്നക്കാട് പറയക്കോണം കുളത്തിൻകരവീട്ടിൽ അഖിൽ(സച്ചു–26) എന്നിവരാണ് പിടിയിലായത്. പ്ലസ്ടു വിദ്യാർഥികളാണ് ശേഷിക്കുന്ന പ്രതികൾ. കൊല്ലം കുന്നത്തൂർ സ്വദേശിയെ കഴിഞ്ഞ 22ന് ആര്യങ്കോട്ട് വിളിച്ചുവരുത്തിയ സംഘം തടവിലാക്കി മർദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്തു.
മോചനദ്രവ്യമായി ആദ്യം 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
ഇയാളുടെ സ്മാർട്ട്ഫോൺ കൈക്കലാക്കിയ സംഘം അക്കൗണ്ടിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപ പിൻവലിച്ചു. തുടർന്ന് ഫോണിലെ നമ്പറുകളിലേക്ക് വിളിച്ച് യുവാവ് അപകടത്തിൽപെട്ടെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടു.
കുറച്ചുപേർ പണം അയച്ചുകൊടുത്തു. ആ തുകകൾ പലപ്പോഴായി സംഘം എടിഎമ്മിൽ പോയി പിൻവലിച്ചു.
21,500 രൂപയാണ് പിൻവലിച്ചത്. തുടർന്ന് 24ന് വൈകിട്ട് യുവാവിനെ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.ദിശമാറി നാഗർകോവിൽ ഭാഗത്തേക്കു പോകുന്ന ട്രെയിനിൽ കയറിയ യുവാവ് റെയിൽവേ പൊലീസിനോട് വിവരങ്ങൾ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ പാറശാലയിൽ ഇറക്കി പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സഹോദരന്മാരായ നിധിനും നിധീഷിനും എതിരെ ആര്യങ്കോട്, നെയ്യാറ്റിൻകര, മാരായമുട്ടം, പാറശാല, കാട്ടാക്കട സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
എല്ലാ പ്രതികളും രാസലഹരി ഉപയോഗിക്കുന്നവരാണ്. പ്രായപൂർത്തിയാകാത്ത പ്രതികളെ കോടതി ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.
മറ്റു പ്രതികളെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

