
വെഞ്ഞാറമൂട് ∙ മൂന്നു പഞ്ചായത്തുകൾക്ക് ശുദ്ധജല വിതരണം നടത്തുന്നതിനു വേണ്ടി കോടികൾ മുടക്കി നിർമിച്ച ജലസംഭരണി കാടുകയറി നശിക്കുന്നു. പ്രദേശം സാമൂഹിക വിരുദ്ധരുടെ പിടിയിൽ.
ജലസംഭരണിയുടെ സംരക്ഷണത്തിനായി നിർമിച്ച ചുറ്റുമതിലും ഗേറ്റും അടിച്ചു തകർത്ത നിലയിലാണ്. വാമനപുരം, നെല്ലനാട്, മാണിക്കൽ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി മാണിക്കൽ പഞ്ചായത്ത് പരിധിയിലെ വെള്ളാണിക്കൽ പാറമുകളിൽ സ്ഥാപിച്ച ജലസംഭരണിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്.
2021ൽ ആണ് പദ്ധതി ആരംഭിക്കുന്നത്. തുടർന്ന് 3 പഞ്ചായത്തുകളിലും വീടുകളിൽ വെള്ളം എത്തിക്കുന്നതിനുള്ള ടാപ്പ് സ്ഥാപിച്ചു.
ജലജീവൻ മിഷന്റെ ഭാഗമായ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാന ജല അതോറിറ്റിയാണ്.
5.5 ലക്ഷം ലീറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്ക് ആണ് നിർമിച്ചിരിക്കുന്നത്. 2വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കി ജലവിതരണം ആരംഭിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരുന്നത്.എന്നാൽ പദ്ധതി ആരംഭിച്ച് 4 വർഷം പിന്നിട്ടിട്ടും ടാങ്ക് നിർമാണം മാത്രമാണ് പൂർത്തിയാക്കാനായത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഓരോ പഞ്ചായത്ത് 10 ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ജലഅതോറിറ്റി ഫണ്ടും അടക്കം 2 കോടിയിലേറെ തുക ചെലവാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എന്നാൽ പദ്ധതിയുടെ 40 ശതമാനം പോലും പൂർത്തിയാക്കാനായിട്ടില്ല എന്നാണ് ആക്ഷേപം.
വെള്ളാണിക്കൽ പാറമുകൾ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സമീപത്തുള്ള ഉയർന്ന സ്ഥലത്താണ് ടാങ്ക് നിർമിച്ചിരിക്കുന്നത്. ടാങ്കിന്റെ ചുറ്റിനും കാട് വളർന്നിരിക്കുന്നതിനാൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പരാതിയുണ്ട്.
40 അടിയിലേറെ ഉയരത്തിൽ നിർമിച്ചിരിക്കുന്ന ടാങ്കിനു മുകളിൽ ആളുകൾ കയറിയിരുന്ന് ബഹളം വയ്ക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ടാങ്കിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് അടിച്ചു തകർത്ത നിലയിലാണ്.മൂന്ന് പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പദ്ധതി അധികൃതർ ഇടപെട്ട് വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]