തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദമില്ലാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകൾ കെട്ടാനോ പരസ്യം ഒട്ടിക്കാനോ, മുദ്രാവാക്യങ്ങൾ എഴുതാനോ ഉപയോഗിക്കരുതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.സർക്കാർ ഓഫിസുകൾ, അവയുടെ വളപ്പ്, പരിസരം, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ചുവരെഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല.
പൊതുഇടങ്ങളിൽ സ്ഥാപിച്ചവ കലക്ടർമാരുടെ നോട്ടിസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ നീക്കം ചെയ്യാനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേർക്കും.
നിയമങ്ങളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കരുത്. ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് അനുമതി വാങ്ങണം.
സ്ഥാനാർഥിക്കോ വോട്ടർക്കോ അവർക്കു താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹികബഹിഷ്ക്കരണം, ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ പാടില്ല.
വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ നൽകുക, വോട്ടർമാരെ ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്.ഒരു വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർഥികൾക്കും എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കാനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്താൻ അവരുടെ വീടുകൾക്ക് മുൻപിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയ രീതികൾ പാടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
സ്ഥാനാർഥികളുടെ പട്ടിക;പിന്നാലെ ബാലറ്റ് പേപ്പർ അച്ചടി
തിരുവനന്തപുരം∙ സ്ഥാനാർഥികളുടെ പട്ടിക ഇന്നും നാളെയും പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ബാലറ്റ് പേപ്പറും ബാലറ്റ് ലേബലുകളും അച്ചടിക്കാനുള്ള നടപടികൾ ആരംഭിക്കും.
ഇതിനായി പട്ടിക ബന്ധപ്പെട്ട പ്രസുകളിലേക്ക് വരണാധികാരികൾ അയയ്ക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.
അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് തപാൽ ബാലറ്റും വിതരണം ചെയ്യണം. തപാൽ ബാലറ്റുകളുടെ അപേക്ഷ വരണാധികാരികൾക്കു നൽകാൻ നേരത്തേ നിർദേശം നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥരുടെ പരിശീലനം ജില്ലകളിൽ ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

