വിഴിഞ്ഞം ബൈപാസിൽ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെ നീളുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയിൽ വ്യാപകമായി നട്ടും ബോൾട്ടും ഘടിപ്പിച്ചു. മഴക്കാലത്ത് ഭിത്തികളുടെ ഇടയിലൂടെ വെള്ളം ചോർന്ന് പലയിടത്തും തകർച്ചയുണ്ടായതിനെ തുടർന്ന് അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് ഈ നടപടിയെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
കോൺക്രീറ്റ് നിർമിത വലിയ പാളികൾ അടുക്കിയുള്ള നിർമാണത്തിനിടയിലെ വിടവുകളിൽ ടയർ കഷണങ്ങൾ തിരുകിക്കയറ്റിയുള്ള താൽക്കാലിക പരിഹാരങ്ങളും ഇവിടെ കാണാൻ സാധിക്കും. നിർമാണ ഘട്ടത്തിൽ തന്നെ അശാസ്ത്രീയമെന്ന ആക്ഷേപം ഉയർന്ന ഈ പാത ഇപ്പോൾ വലിയ ഭീതിയാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നത്.
മുൻ വർഷങ്ങളിലെ മഴക്കാലത്ത് പാതയുടെ പല ഭാഗങ്ങളും തകർന്ന് കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചിരുന്നു. അന്ന് ചെളിയും മഴവെള്ളവും സമീപത്തെ വീടുകളിൽ കയറിയ ദുരിതം നാട്ടുകാർ ഓർത്തെടുക്കുന്നു.
തുടർന്നും പലയിടങ്ങളിലായി സമാനമായ രീതിയിൽ ചെറിയ തകർച്ചകൾ ഉണ്ടായിട്ടുണ്ട്. പ്രശ്നം ചൂണ്ടിക്കാണിക്കുമ്പോൾ ദേശീയ പാത (എൻഎച്ച്എ) അധികൃതരെത്തി ഇരുമ്പ് ആണികൾ ഉറപ്പിച്ചു മടങ്ങുകയാണ് പതിവെന്നും, ഇത് ശാശ്വതമായ പരിഹാരമല്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പലയിടത്തും പാതയ്ക്ക് 10 മുതൽ 15 വരെ മീറ്റർ ഉയരമുണ്ട്. മണ്ണ് പല അടുക്കുകളായി നിറച്ചാണ് പാത നിർമിച്ചിട്ടുള്ളതെങ്കിലും വശങ്ങളുടെ സംരക്ഷണം ശാസ്ത്രീയമല്ലെന്നാണ് പ്രധാന ആക്ഷേപം.
പാതയുടെ ഇരുവശങ്ങളിലും ജനവാസ മേഖലയാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നേരത്തെ തന്നെ എൻഎച്ച്എ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഈ പ്രദേശം പൂർണമായും ഇരുട്ടിലമരുന്നു. വിജനമായ ഈ പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണെന്നും വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
അതേസമയം, ബൈപാസിന്റെ പയറുമൂട് – വേങ്ങപ്പൊറ്റ ഭാഗങ്ങളിൽ യാതൊരുവിധ അപകട സാഹചര്യവുമില്ലെന്നാണ് ദേശീയ പാത അതോറിറ്റി അധികൃതരുടെ വിശദീകരണം.
ഐഐടിയുടെ നിർദേശാനുസരമുള്ള രൂപകൽപനയാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളതെന്നും തകർച്ചാ ഭീഷണി ഇല്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. നാലു വർഷം മുൻപ് ഉണ്ടായ നേരിയ കേടുപാടുകൾ അപ്പോൾ തന്നെ പരിഹരിച്ചിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

