സംസ്ഥാനത്തെ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. പാചകവാതക വില ഇരട്ടിയോളമായി വർധിച്ചതും മുട്ട, പാൽ എന്നിവയുടെ വിലയിലുണ്ടായ വർധനവുമാണ് പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പിന് വലിയ തിരിച്ചടിയായിരിക്കുന്നത്.
നിലവിൽ ലഭിക്കുന്ന സർക്കാർ വിഹിതം മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുകയാണ് വിദ്യാലയങ്ങൾ. ഇറാൻ യുദ്ധം സൃഷ്ടിച്ച സാഹചര്യത്തെ തുടർന്ന് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുതിച്ചുയർന്നതാണ് തുച്ഛമായ സർക്കാർ ഫണ്ടിൽ ഉച്ചഭക്ഷണം ഒരുക്കുന്ന സ്കൂളുകളെ സാരമായി ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിൽ 1800 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾക്ക് നിലവിൽ 3200 രൂപ വരെ നൽകേണ്ടി വരുന്നുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. ഇതിനു പുറമെ പച്ചക്കറികളുടെയും മറ്റ് പലവ്യഞ്ജനങ്ങളുടെയും വിലയും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് സപ്ലൈകോ മുഖേന സർക്കാർ വിദ്യാലയങ്ങളിലേക്ക് എത്തിച്ചുനൽകുന്നത്. കുട്ടികൾക്കായുള്ള അധികപോഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം മുട്ടയും, രണ്ട് ദിവസം 150 മി.ലീറ്റർ വീതം പാലും നൽകുന്നുണ്ട്.
ഒരു മുട്ടയ്ക്ക് 6 രൂപ മാത്രമാണ് സർക്കാർ വിഹിതമായി അനുവദിക്കുന്നത്. എന്നാൽ വിപണിയിൽ മുട്ടയ്ക്ക് 8.5 രൂപ വരെ വിലയുണ്ട്.
പാലിന്റെ വില വർധിച്ചെങ്കിലും സർക്കാർ ഇപ്പോഴും ലീറ്ററിന് 52 രൂപ മാത്രമാണ് നൽകുന്നത്. എന്നാൽ ശരാശരി 60 രൂപയോളം മുടക്കിയാണ് സ്കൂളുകൾ പാൽ വാങ്ങി നൽകുന്നത്.
ഈ രണ്ട് ഇനങ്ങളിലും ഉണ്ടാകുന്ന വലിയ അധിക ബാധ്യത പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഫണ്ട് വർധനവ് ഉണ്ടായിട്ടില്ല. നിലവിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 6.19 രൂപയും, ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് 9.29 രൂപയുമാണ് ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ വിഹിതമായി അനുവദിക്കുന്നത്.
ഇതിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

