പള്ളിക്കൽ ∙ ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ രാത്രി പതിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8ന് ബൈക്ക് യാത്രികരുടെ പുറത്താണ് പതിച്ചത്.
ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാൽ പരുക്കേറ്റില്ല. ഹൈഡ്രജൻ ബലൂണിൽ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്.
സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിന്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പരിഭ്രാന്തിയിലായി.
സ്ഥലത്തെത്തിയ പള്ളിക്കൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഐഎസ്ആർഒ എന്നും പൊട്ടിത്തെറി,അപകടം എന്നിവ ഉണ്ടാക്കില്ല എന്ന് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് പരിഭ്രാന്തി മാറിയത്.
അന്തരീക്ഷത്തെ കുറിച്ചും കാലാവസ്ഥ,കാറ്റ്,മഴ,ഇടി,മിന്നൽ ന്യൂനമർദം എന്നിവയെ കുറിച്ച് അറിയാൻ ഐഎസ്ആർഒ എല്ലാ മാസവും ഹൈഡ്രജൻ നിറച്ച ബലൂണിൽ ഇത്തരത്തിൽ യന്ത്രം അന്തരീക്ഷത്തിൽ അയയ്ക്കാറുണ്ട് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത് 35 കിലോമീറ്ററോളം ഉയരത്തിൽ പറക്കും. കൂടാതെ വേനൽക്കാലത്ത് 150 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് സാധാരണ കടലിൽ പതിക്കുകയാണ് പതിവ്.
കാറ്റിന്റെ ദിശയും മറ്റും പ്രതികൂലമായാൽ ചിലപ്പോൾ കരയിലും പതിക്കും. വളരെ ചെറിയ മോട്ടർ ഘടിപ്പിച്ച യന്ത്രം ആയതിനാൽ ജനവാസ മേഖലയിൽ വീണാലും അപകടം ഉണ്ടാക്കില്ല എന്ന് ഐഎസ്ആർഒ ജീവനക്കാർ അറിയിച്ചു.
പള്ളിക്കൽ സ്റ്റേഷനിൽ സൂക്ഷിച്ച ഉപകരണം അധികൃതർക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

