കടലേറ്റത്തിൽ പൂർണമായും തകർന്നുപോയ ശംഖുമുഖം തീരം വൻ മാറ്റങ്ങളോടെ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. ഓണക്കാലത്ത് ബീച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം.
മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് തീരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടാം ഘട്ട
വികസന പ്രവർത്തനങ്ങൾ
നാവിക സേനാദിന ആഘോഷങ്ങൾക്ക് വേദിയായ ഘട്ടത്തിൽ നടന്ന പ്രാഥമിക നിർമാണങ്ങൾക്ക് ശേഷമാണ്, 14 കോടി രൂപ ചെലവിൽ രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നത്.
ശംഖുമുഖം–എയർപോർട്ട് റോഡിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഡയഫ്രം വാളിനോട് ചേർന്ന് 355 മീറ്റർ നീളത്തിലാണ് പുതിയ നിർമാണങ്ങൾ നടക്കുന്നത്. പ്രധാന ആകർഷണങ്ങൾ
തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകൾ സുഗമമായി കടലിലിറക്കുന്നതിനായി ആറ് മീറ്റർ നീളമുള്ള രണ്ട് റാംപുകൾ സജ്ജമാക്കുന്നുണ്ട്.
ഇതിനു പുറമെ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകൾക്കായി ഭക്തർക്ക് കടലിലേക്കിറങ്ങാൻ സൗകര്യപ്രദമായ രീതിയിൽ 20 മീറ്റർ നീളത്തിൽ മൂന്നാമതൊരു റാംപും ഒരുക്കുന്നുണ്ട്. തിരമാലകളുടെ രൂക്ഷത കുറയ്ക്കുന്നതിനായി കടൽഭിത്തി മുതൽ ആറാട്ടു മണ്ഡപം വരെ 8 മീറ്റർ ആഴത്തിൽ കരിങ്കല്ലുകൾ പാകുന്ന പ്രവർത്തനങ്ങളും നടക്കുന്നു.
പുനരുദ്ധാരണത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ വർഷം ജൂണിൽ ഉണ്ടായ ശക്തമായ കാലവർഷത്തിലാണ് ശംഖുമുഖം ബീച്ച് പൂർണമായി കടലെടുത്തത്. തുടർന്ന്, തീരത്തെ സംരക്ഷിക്കാൻ മുൻ എംഎൽഎ ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ നടന്നു.
ഇതിന്റെ ഭാഗമായി ആറാട്ടു മണ്ഡപം സംരക്ഷിക്കാൻ 35 ലക്ഷം രൂപ ചെലവഴിച്ച് 120 മീറ്റർ നീളത്തിൽ ജിയോ ബാഗുകൾ സ്ഥാപിച്ചിരുന്നു. തീരദേശ വികസന കോർപറേഷൻ, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പദ്ധതികളിൽ നിന്ന്, നിലവിലെ കോൺക്രീറ്റ് കടൽഭിത്തിയുടെ നീളം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമാണ് സർക്കാർ നടപ്പിലാക്കുന്നത്.
ജൂൺ 20-ന് ചേർന്ന സാങ്കേതിക വിദഗ്ധരുടെ യോഗത്തിന് ശേഷം നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് സംഘവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

