തിരുവനന്തപുരം∙ ഒരു വർഷം മുൻപ് കടലേറ്റത്തിൽ തകർന്ന ശംഖുമുഖം ബീച്ചിന്റെ രണ്ടാം ഘട്ട പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം.
3 മാസത്തിനകം ബീച്ച് പുനർ നിർമിക്കുമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ബീച്ചിന്റെ മുക്കാൽ ഭാഗത്തോളം ബാരിക്കേഡ് നിരത്തിയിട്ടുണ്ട്.
വേനൽ അവധി ആഘോഷിക്കാൻ ഒട്ടേറെ സഞ്ചാരികൾ എത്തുന്ന സമയത്ത് കടലിൽ ഇറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.
ബീച്ചിന്റെ പഴയ ഭംഗി വീണ്ടെടുക്കാൻ 14 കോടി ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 370 മീറ്റർ നീളമുള്ള പുതിയ കടൽഭിത്തി നിർമാണം, ഇടിഞ്ഞുപോയ നടപ്പാത പുനർ നിർമാണം, ബീച്ച് സൗന്ദര്യവൽക്കരണം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
എയർപോർട്ട്– ശംഖുമുഖം റോഡ് തകരാതിരിക്കാൻ നിർമിച്ച കോൺക്രീറ്റ് കടൽ ഭിത്തിയുടെ തുടർച്ചയാണ് ബീച്ചിലും നിർമിക്കുക. ശക്തമായ തിരമാലകളേയും കടൽ കയറ്റത്തെയും ചെറുക്കുന്നതിനായി പാറകളും വലിയ കല്ലുകളും നിരത്തും.
ഇതിനു മുകളിൽ കോൺക്രീറ്റിൽ നിർമിക്കുന്ന വേവ് പ്രൂഫ് ഗ്യാലറിയാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
ഇവിടെ ഇരുന്ന് കടൽ സൗന്ദര്യം ആസ്വദിക്കാം. കടലിലേക്ക് ഇറങ്ങാൻ ഗോവണികളും ഉണ്ടാകും.
കഴിഞ്ഞ ഡിസംബറിൽ നടത്തിയ നാവിക സേനാ ദിനാഘോഷങ്ങൾക്ക് മുൻപായി പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിരുന്നു. നിലവിലെ കാലാവസ്ഥ അനുകൂലമാണെന്നും പ്രധാന പ്രവർത്തനങ്ങൾ 3 മാസത്തിനകം പൂർത്തിയാക്കാം എന്നാണ് പ്രതീക്ഷയെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.
കോടികൾ മുടക്കിയിട്ടും ശക്തമായ തിരയടിയിൽ നിർമിതികൾ കടലെടുത്തു പോകുന്ന സ്ഥിതിയായിരുന്നു ഇതുവരെ.
കടൽഭിത്തി നിർമിക്കുന്നതോടെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് പൂജകൾ നടത്തുന്ന മണ്ഡപവും സംരക്ഷിക്കപ്പെടും. ആറാട്ട് മണ്ഡപം കടലെടുക്കുന്ന സ്ഥിതി വന്നപ്പോൾ എംഎൽഎ ആയിരുന്ന ആന്റണി രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷത്തോളം രൂപ ചെലവാക്കി 120 മീറ്റർ നീളമുള്ള പോളി പ്രൊപ്പലീൻ ജിയോ ട്യൂബുകൾ സ്ഥാപിച്ചിരുന്നു.
അടുത്ത മാസം നടത്തുന്ന പൈങ്കുനി ഉത്സവ ആറാട്ടിനു ശേഷമേ നിലവിലെ നിർമാണ പ്രവർത്തനങ്ങൾ പൂർണതോതിൽ നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

