തിരുവനന്തപുരം ∙ ക്രിസ്മസ്–പുതുവത്സര തിരക്കു വർധിച്ചതോടെ ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനിയായി. ബെംഗളൂരുവിൽനിന്നു 4 സ്പെഷൽ ട്രെയിനുകളുണ്ടായിട്ടും ഒന്നിലും കൺഫേം ടിക്കറ്റില്ല. സ്ലീപ്പർ ക്ലാസിൽ വെയ്റ്റ് ലിസ്റ്റ് 200ന് മുകളിലാണ്.
ബെംഗളൂരുവിലേക്കു മടങ്ങാൻ ജനുവരി 3ന് തിരുവനന്തപുരം നോർത്ത്– ബെംഗളൂരു ഹംസഫർ എക്സ്പ്രസിൽ വെയ്റ്റ് ലിസ്റ്റ് 256 എന്ന നിലയിലാണ്. ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ് നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്.
സ്വകാര്യ എയർ ബസുകളിൽ ബെംഗളൂരു–തിരുവനന്തപുരം യാത്രയ്ക്ക് 23ന് 3500 മുതൽ 5160 രൂപ വരെയാണു നിരക്ക്.
കൊച്ചിയിൽനിന്നു ഹൈദരാബാദിലേക്ക് 3950 മുതൽ 4000 രൂപ വരെ ബസുകൾ ഈടാക്കുന്നുണ്ട്. ഹൈദരാബാദിൽനിന്നു തിരുവനന്തപുരത്തേക്കു ശബരി എക്സ്പ്രസിൽ 25 വരെ ടിക്കറ്റില്ല.
ജനുവരി ആദ്യ വാരം തിരികെ പോകാനും ടിക്കറ്റില്ല. മുംബൈയിലേക്കുള്ള യാത്രാദുരിതം പരിഹരിക്കാൻ ബാന്ദ്ര–മഡ്ഗാവ് എക്സ്പ്രസ് പ്രതിദിന സർവീസായി എറണാകുളത്തേക്കു നീട്ടാൻ കഴിയുമെങ്കിലും റെയിൽവേ തയാറായിട്ടില്ല.
തിരുവനന്തപുരം–മുംബൈ സിഎസ്എംടി പ്രതിവാര ട്രെയിൻ കൊങ്കൺ വഴി ആഴ്ചയിൽ 3 ദിവസം ഓടിക്കാമെങ്കിലും അതിനും നടപടിയില്ലെന്നു യാത്രക്കാരുടെ സംഘടനകൾ പറയുന്നു.
ചെന്നൈ–തിരുവനന്തപുരം മെയിലിലും ന്യൂഡൽഹി–തിരുവനന്തപുരം കേരള എക്സ്പ്രസിലും ഈ ദിവസങ്ങളിൽ സ്ലീപ്പർ വെയ്റ്റ് ലിസ്റ്റ് 100ന് മുകളിലാണ്. മലബാർ ഭാഗത്തേക്കുള്ള യാത്രക്കാരും ദുരിതത്തിലാണ്.
മാവേലി, മലബാർ, മംഗളൂരു എക്സ്പ്രസുകളിൽ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 150ന് മുകളിലാണ്. കൂടുതൽ സ്പെഷൽ ട്രെയിനുകളോടിക്കാൻ റെയിൽവേ തയാറാകണമെന്നു ഓൾ കേരള റെയിൽവേ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

