തിരുവനന്തപുരം: നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദന്റെ ഇടപെടലുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധയാകർഷിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തിയ ടി.കെ.ഗോവിന്ദൻ അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്തു.
തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെ കൂടി അഭിവാദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. അതീവ ഗൗരവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ കർമ്മം.
നേരത്തെ, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.ഗോവിന്ദൻ നടത്തിയ സന്ദർശനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഭാര്യയോടൊപ്പം എത്തി കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, അവിടെയുണ്ടായിരുന്ന ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചിരുന്നു.
പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഒരു നേതാവ് സിപിഎം പ്രമുഖന്റെ വസതിയിലെത്തിയത് അസാധാരണമായ സാഹചര്യമായാണ് വിലയിരുത്തപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.
ഗോവിന്ദൻ, പാർട്ടി നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് വഴിതുറന്നത്.
ആറ് പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച മുതിർന്ന നേതാവ് പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിച്ചത് അണികളിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്.
ടി.കെ.ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ, പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെതിരെ ഒരു സംഘം ആളുകൾ പ്രതിഷേധിക്കുകയും ചെയ്തു.
“അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന്” സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചിരുന്നു.
ഇതിന് മറുപടിയായി പിണറായി വിജയനും പാർട്ടിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ടി.കെ.ഗോവിന്ദൻ ഉന്നയിച്ചത്. ഇടതുപക്ഷം അടിയന്തരമായി അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി കൂടുതൽ പരിതാപകരമാകുമെന്നും, ഇത് രാഷ്ട്രീയമായി ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

