തിരുവനന്തപുരം ∙ ആസ്മ രോഗികൾ ഇൻഹെയ്ലറിൽ ഉപയോഗിക്കുന്ന വില കൂടിയ ഗുളിക വ്യാജമായി നിർമിച്ചു വിൽപന നടത്തി. സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം റെയ്ഡ് നടത്തി 2 ലക്ഷം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തു.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒരേ സമയം നടത്തിയ റെയ്ഡിലാണ് വലിയ തട്ടിപ്പു പുറത്തായത്. സിപ്ല കമ്പനിയുടെ ‘ സെറോപ്ലോ റോട്ടാകാപ്സ് 250 ’ ആണ് വ്യാജമായി നിർമിച്ച് വിപണിയിൽ വിറ്റത്.
ബാലരാമപുരം ആസ്ഥാനമായി സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശൂർ പൂങ്കുന്നത്തെ മെഡ് വേൾഡ് ഫാർമ എന്നിവിടങ്ങളിൽ നിന്നാണു മരുന്നു പിടിച്ചെടുത്തത്.
ഈ സ്ഥാപനങ്ങൾക്കെതിരെ കേസും എടുത്തു. ഇവരുടെ ഡ്രഗ്സ് ലൈസൻസ് റദ്ദ് ചെയ്യും.
സംസ്ഥാനത്തിനു പുറത്തുള്ള വ്യാജമരുന്നു നിർമാണ ശൃംഖലയുമായുള്ള ബന്ധത്തെക്കുറിച്ചു പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നു മരുന്നു വാങ്ങുന്ന വ്യാപാരികൾ ബില്ലുകളും രേഖകളും സൂക്ഷിക്കണമെന്നും അല്ലാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ.സുജിത് കുമാർ അറിയിച്ചു.
വിൽപന കുറഞ്ഞതോടെ കമ്പനിയുടെ അന്വേഷണം
വിൽപന കുറഞ്ഞതോടെ മരുന്നു കമ്പനി ജീവനക്കാർക്കു തോന്നിയ സംശയമാണ് വ്യാജ മരുന്നു കണ്ടെത്തുന്നതിൽ എത്തിയത്.
സെറോപ്ലോ റോട്ടാകാപ്സ് 250യുടെ 30 ഗുളികയ്ക്ക് 573 രൂപയാണു വില. ചില പ്രദേശങ്ങളിൽ ഇതിന്റെ വിൽപന കുറഞ്ഞു. വിവരം ഡ്രഗ് കൺട്രോളറെ അറിയിച്ചു. ചില മെഡിക്കൽ സ്റ്റോറുകളിൽ ഈ മരുന്ന് 40% വരെ വില കുറച്ചു വിൽക്കുന്നതും കണ്ടെത്തി.
ഇന്റലിജൻസ് വിഭാഗം ലോഗോയും മറ്റും പരിശോധിച്ചപ്പോൾ വ്യാജൻ ആണെന്ന സൂചനപോലും ഇല്ല. ബാച്ച് നമ്പരും കൃത്യം.
കൂടുതൽ പരിശോധന നടത്തിയും ക്യുആർ കോഡ് സ്കാൻ ചെയ്തുമാണു വ്യാജനാണെന്നു കണ്ടെത്തിയത്.
കമ്പനിയെ അറിയിച്ചു;ആശ്വാസ് ഫാർമ
വ്യാജ മരുന്നു നിർമിക്കുന്ന വിവരം തങ്ങൾ നേരത്തേ സിപ്ല കമ്പനിയെ അറിയിച്ചിരുന്നെന്ന് ആശ്വാസ് ഫാർമ ഉടമകൾ. മെഡ് വേൾഡ് ഫാർമയിൽ നിന്നാണ് സിപ്ല കമ്പനിയുടെ സെറോപ്ലോ റോട്ടാകാപ്സ് 250 ഗുളിക ആശ്വാസ് വാങ്ങുന്നത്. ഇതേ സ്ഥാപനത്തിൽ നിന്ന് ഒട്ടേറെ മെഡിക്കൽ സ്റ്റോറുകൾ മരുന്നു വാങ്ങുന്നുണ്ട്. ഗുളികയുടെ ഗുണമേന്മയിൽ ചില ഉപയോക്താക്കൾ സംശയം പറഞ്ഞത് മെഡ് വേൾഡിനെയും സിപ്ലയെയും അറിയിക്കുകയും സ്റ്റോക്ക് തിരികെ കൊടുക്കുകയും ചെയ്തെന്ന് ആശ്വാസിന്റെ ഉടമകൾ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

