ദേശീയപാത 66-ൽ വിഴിഞ്ഞത്തെയും നാവായിക്കുളത്തെയും ബന്ധിപ്പിച്ചു നിർമിക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡിനായി (എൻഎച്ച് 866) 260 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വീണ്ടും പ്രാഥമിക വിജ്ഞാപനം (3 എ) പുറപ്പെടുവിച്ചു. നേരത്തെ 314 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 2024 നവംബറിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ പുതിയ നടപടി.
ആകെ 24 വില്ലേജുകളിൽ നിന്നാണ് ഔട്ടർ റിങ് റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കേണ്ടതുള്ളത്. ഇതിൽ 16 വില്ലേജുകളിൽ നിന്നാണ് നിലവിൽ ഭൂമി ഏറ്റെടുക്കുന്നത്.
ഇതിൽ 11 വില്ലേജുകളിൽ നിന്ന് 100.87231 ഹെക്ടർ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള 3 ഡി വിജ്ഞാപനം 2023-ൽ തന്നെ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇവർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി അനുമതി ലഭിച്ചതോടെ പദ്ധതി യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി 2 മാസം മുൻപ് ദേശീയപാത അതോറിറ്റി പദ്ധതിക്കായി നിർമാണ ടെൻഡർ ക്ഷണിച്ചിരുന്നു. പദ്ധതിക്കായി ആവശ്യമായ ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തു കൈമാറിയാൽ മാത്രമേ അർഹത നേടുന്ന കമ്പനിയുമായി കരാറിൽ ഒപ്പുവെക്കാൻ സാധിക്കൂ.
ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വിജ്ഞാപനം പുതുക്കിയത്. റീസർവേ പൂർത്തിയായ ഈ വില്ലേജുകളിൽ നിന്ന് പുതിയ സർവേ നമ്പറുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്നതിനായി ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം റവന്യു വകുപ്പിനെ ഔദ്യോഗികമായി സമീപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

