
ജൂനിയറിനെ മർദിച്ച കേസ് അഭിഭാഷകന് ഉപാധിയോടെ ജാമ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.50,000 രൂപയുടെ രണ്ട് ബോണ്ട്, രണ്ടു മാസം വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ ബന്ധപ്പെടാനോ ശ്രമിക്കരുത് , കുറ്റം ആവർത്തിക്കരുത് എന്നിവയാണ് വ്യവസ്ഥകൾ. തൊഴിലിടത്ത് സംഭവിച്ച ആക്രമണം പരാതിക്കാരിയുടെ അന്തസ്സിന് മുറിവേൽപ്പിച്ചെന്നും സ്ത്രീത്വം അപമാനിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യം നൽകുന്നത് നീതി നിഷേധിക്കലാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഓഫിസിലെ രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനൊടുവിലുണ്ടായ സംഭവമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആദ്യം തന്നെ മർദിച്ചുവെന്നും ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പിന്നീടുള്ള കാര്യങ്ങൾ സംഭവിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ചൊവ്വാഴ്ചയാണ് തന്റെ ഓഫിസിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ്മർദിച്ചത്. ഇടതുകവിളിൽ അടിയേറ്റു വീണ ശ്യാമിലി എഴുന്നേറ്റു തടയുന്നതിനിടയിൽ കയ്യിൽപിടിച്ചു തിരിച്ച ശേഷം ബെയ്ലിൻ ദാസ് വീണ്ടും കവിളിൽ അടിക്കുകയായിരുന്നു എന്നാണ് റിമാൻഡ് അപേക്ഷയിൽ പൊലീസ് വ്യക്തമാക്കുന്നത്.
ആക്രമണത്തിനു ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ വ്യാഴാഴ്ച രാത്രി 7 മണിയോടെയാണു തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലു ദിവസമായി റിമാൻഡിലായിരുന്നു . നിരപരാധിയാണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് ഏൽക്കുന്നതെന്നും ബെയ്ലിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ശ്യാമിലിയെ മർദിച്ചിട്ടില്ലെന്നാണോ പറയുന്നത് ’ എന്ന ചോദ്യത്തിന് ‘ അതിൽ എന്താണു സംശയം ’ എന്നായിരുന്നു മറുപടി. തനിക്കെതിരെ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ എല്ലാവരുടെയും വിവരങ്ങൾ പുറത്തുവരുമെന്നും ബെയ്ലിൻ ദാസ് പറഞ്ഞു.