തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യൽറ്റി സർജിക്കൽ ഐസിയുവിൽ തീപിടിത്തത്തിനു കാരണമായത് വെന്റിലേറ്റർ യൂണിറ്റിന്റെ തകരാർ. അപകട
കാരണം ഷോർട് സർക്കീറ്റ് ആണെന്ന പ്രാഥമിക നിഗമനം തിരുത്തിയത് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയിലാണ്. എന്നാൽ, ഉപകരണം പൂർണമായി കത്തി നശിച്ചതിനാൽ എന്തു തകരാറാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തുക പ്രയാസമാകും.
ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒരു വെന്റിലേറ്റർ യൂണിറ്റിന് തീപിടിച്ചതിനെത്തുടർന്നാണ് അപകടം.
വൈകാതെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചു. വളരെ വേഗം ഐസിയുവിൽ കറുത്ത പുക നിറഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജനും അടുത്തുണ്ടായിരുന്ന 3 ഡോക്ടർമാരും നഴ്സുമാരും ചേർന്ന് ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ തുടങ്ങി. തീപടർന്നു പിടിക്കുന്നതിനു മുൻപ് അണയ്ക്കാൻ കഴിഞ്ഞതിനാലാണു വലിയ ദുരന്തം ഒഴിവായതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
കനത്ത പുകയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ചില ആരോഗ്യപ്രവർത്തകർക്കു ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായി. ഇവർക്കു ചികിത്സ നൽകി.
തീ കെടുത്തുന്നതിനൊപ്പം ഐസിയുവിലും അടുത്ത വാർഡിലുമുണ്ടായിരുന്ന 32 രോഗികളെ എംഐസിയുവിലേക്കും ഏഴാം വാർഡിലേക്കും മാറ്റി. നടക്കാൻ കഴിയുന്നവരെ പടിക്കെട്ടുകളിലൂടെയും അല്ലാത്തവരെ എടുത്തും താഴെയെത്തിച്ച ശേഷം സ്ട്രെച്ചറിൽ വാർഡിലേക്കു മാറ്റി.
ആശുപത്രി ജീവനക്കാർക്കു പുറമേ പൊലീസും അഗ്നിരക്ഷാസേനയും രോഗികളുടെ കൂട്ടിരിപ്പുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 10ന് സ്ഥിതി നിയന്ത്രണവിധേയമായി.
വെന്റിലേറ്റർ യൂണിറ്റിൽ 12 വോൾട്ടിന്റെ 2 ബാറ്ററികൾ ഉണ്ടായിരുന്നു.
ബാറ്ററി തകരാറായി പൊട്ടിത്തെറിച്ചതാണോ അപകടമുണ്ടാക്കിയതെന്നു സംശയമുണ്ട്. വെന്റിലേറ്റർ ഇലക്ട്രോണിക് ഉപകരണം ആയതിനാൽ മറ്റു പല തകരാറുകളും തീപിടിത്തം ഉണ്ടാകാനും പൊട്ടിത്തെറിക്കും ഇടയാക്കാം എന്നാണ് വിലയിരുത്തൽ.
ഷോർട് സർക്കീറ്റ് ഉണ്ടായാൽ കാണുന്ന പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല.
വെന്റിലേറ്ററിനെ മീറ്റർ ബോർഡുമായി ബന്ധിപ്പിക്കുന്ന കോഡ് വയർ പോലും കത്തിയിരുന്നില്ല പ്ലഗ് ബോർഡിനു തകരാർ സംഭവിച്ചിട്ടില്ല. ഇതു മറ്റുപകരണങ്ങൾ ബന്ധിപ്പിച്ചു നടത്തിയ പരിശോധനയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഷോർട് സർക്കീറ്റല്ല അപകട
കാരണമെന്നു വ്യക്തമായത്. വെന്റിലേറ്ററിന്റെ തകരാറായതിനാൽ ഭാവിയിൽ സമാന അപകടങ്ങൾ ഒഴിവാക്കാൻ ആശുപത്രിയിലെ മറ്റു വെന്റിലേറ്ററുകൾക്കും സുരക്ഷാ പരിശോധന വേണ്ടി വരും.
സുരക്ഷാ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്കാണ് ചുമതല.
3 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ച ശേഷമേ തീപിടിത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കൂ.
മെഡിക്കൽ കോളജിലെ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലും വരും ദിവസങ്ങളിൽ പ്രിവന്റീവ് ടെക്നിക്കൽ അനാലിസിസും ടെക്നിക്കൽ ഓഡിറ്റും നടത്താൻ ഊർജ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ പറഞ്ഞു.
ജീവനക്കാർക്ക് ലഭിച്ച പരിശീലനം തുണയായി
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അപകടം ദുരന്തമാകാതിരുന്നത് ആശുപത്രി ജീവനക്കാർക്കു ലഭിച്ച പരിശീലനം കാരണം. മെഡിക്കൽ കോളജിലെ നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് അഗ്നിരക്ഷാസേന പരിശീലനം നൽകാറുണ്ട്.
പുതിയതായി ചേരുന്ന നഴ്സുമാർക്കു പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ചാക്കയിലെ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുക.
ആശുപത്രികളിൽ സൂക്ഷിച്ചിട്ടുള്ള ഫയർ എക്സ്റ്റിംഗ്വിഷർ എങ്ങനെ ഉപയോഗിക്കണമെന്നും തീ പിടിത്തം ഉണ്ടാകുമ്പോൾ ചെയ്യേണ്ട
കാര്യങ്ങളിലും കൃത്യമായി പരിശീലനം ലഭിച്ചിരുന്നതിനാൽ അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപു തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ ജീവനക്കാർക്കു കഴിഞ്ഞതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ മന്ത്രി വീണാ ജോർജും അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെയും ഉൾപ്പെടെ അഭിനന്ദിക്കുകയും ചെയ്തു.
മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിൽനിന്ന് ഒഴിപ്പിക്കുന്ന രോഗികളെ കിടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.വിശ്വനാഥൻ, സൂപ്രണ്ട് ഡോ.സി.ജി.ജയചന്ദ്രൻ, പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ എംഐസിയുവിൽ 10 കിടക്കകളും ഏഴാം വാർഡിൽ 100 ഐസിയു കിടക്കകളും സജ്ജമാക്കി.
അപകടം ഉണ്ടായതിനു പിന്നാലെ രാജാജി നഗർ, ചാക്ക സ്റ്റേഷനുകളിൽ നിന്നായി 3 യൂണിറ്റ് അഗ്നിരക്ഷാ സേനയും ആംബുലൻസും ഉൾപ്പെടെ അതിവേഗം എത്തിയിരുന്നു.
റീജനൽ ഫയർ ഓഫിസർ അബ്ദുൽ റഷീദ്, ജില്ലാ ഫയർ ഓഫിസർ സൂരജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തികിന്റെ നേതൃത്വത്തിൽ പൊലീസ് സേനയും സ്ഥലത്തെത്തി.
നടുക്കം മാറാതെ ദൃക്സാക്ഷികൾ
തിരുവനന്തപുരം ∙ ‘തീപിടിത്തമുണ്ടായ ഐസിയുവിനു അടുത്തു നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് നിലവിളിയും പുകയും കണ്ടത്.
ഐസിയുവിന്റെ അടുത്തേക്ക് എത്തിയപ്പോൾ തീ ആളുന്നതു കണ്ടു. ടിവിയിൽ മാത്രമേ ഞാൻ ഇങ്ങനെ തീ പിടിത്തം കണ്ടിട്ടുള്ളൂ–’ മെഡിക്കൽ കോളജ് ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കു കൂട്ടിരിക്കാൻ എത്തിയ പാലോട് തെന്നൂർ സ്വദേശി അംബിക ആ രംഗം ഓർത്തത് ഇങ്ങനെ.
ഒന്നാം നിലയിലെ സർജിക്കൽ ഐസിയുവിൽ തീപിടിത്തം ഉണ്ടായപ്പോൾ നൂറോളം കൂട്ടിരിപ്പുകാരും രോഗികളും താഴെ കാത്തിരിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നുണ്ടായ ബഹളവും പിന്നാലെ തീപിടിത്തം ഉണ്ടായെന്ന വിവരവും എല്ലാവരെയും ആശങ്കയിലാക്കി. പ്രിയപ്പെട്ട
ബന്ധുക്കൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയായിരുന്നു എല്ലാവർക്കും. അൽപം കഴിഞ്ഞപ്പോൾ ഐസിയുവിലെ ഗുരുതരാവസ്ഥയിലായ രോഗികളെയടക്കം പുറത്തേക്കു കൊണ്ടു പോകാൻ തുടങ്ങി.
ബഹളം തുടങ്ങിയതോടെ എല്ലാവരും ആശങ്കയിലായെന്ന് സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്ന വർക്കല സ്വദേശി അനന്തു പറഞ്ഞു. എങ്കിലും വൈകാതെ എല്ലാം നിയന്ത്രണവിധേയമായി എന്നു വ്യക്തമാക്കി ആരോഗ്യ വകുപ്പ് അധികൃതരും ജനപ്രതിനിധികളും പൊലീസും മാധ്യമങ്ങളെ കണ്ടതോടെ അന്തരീക്ഷം ശാന്തമായി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ വി.വി.രാജേഷ് ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

