തിരുവനന്തപുരം∙ കവടിയാർ കൊട്ടാരത്തിൽനിന്ന് അമൂല്യമായ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ കൊട്ടാരത്തിലെ താമസക്കാരിൽ നിന്നും ജീവനക്കാരിൽനിന്നും സന്ദർശകരിൽനിന്നും പൊലീസ് മൊഴിയെടുത്തു. വിദേശികളടക്കമുള്ള സന്ദർശകരുടെ വിവരവും ശേഖരിച്ചിട്ടുണ്ട്.
കൊട്ടാരത്തിലെ മുറികളിൽനിന്ന് വിരലടയാളവും ശേഖരിച്ചു. അന്വേഷണത്തിന്റെ ആദ്യനടപടിയെന്ന നിലയിലാണ് ഇന്നലെ പൊലീസ് സംഘമെത്തി മൊഴിയെടുപ്പ് ആരംഭിച്ചത്.
ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അടക്കമുള്ള രാജകുടുംബാംഗങ്ങളിൽനിന്നും വിവരം ശേഖരിച്ചു. ഗൗരി ലക്ഷ്മി ബായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത്.
വരും ദിവസങ്ങളിൽ മൊഴിയെടുക്കൽ തുടരും.
പരിസരത്തെ വീടുകളിൽ നിന്നടക്കമുള്ള ക്യാമറ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാൽ, 4 മാസങ്ങൾക്കു മുൻപ് നടന്ന കവർച്ചയായതിനാൽ പലതിലും ദൃശ്യങ്ങൾ ലഭ്യമല്ല.
ഗൗരിലക്ഷ്മി ബായി പതിവായി ഉപയോഗിക്കുന്ന ആഭരണങ്ങളും ചിത്തിര തിരുനാൾ രാജാവ് സമ്മാനമായി നൽകിയ ആഭരണങ്ങളും പുരാതന ആഭരണങ്ങളും മോഷണംപോയ കൂട്ടത്തിലുണ്ട്. ഇൗ ആഭരണങ്ങൾ അണിഞ്ഞുള്ള ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നഗരത്തിലെ ജ്വല്ലറികൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇതേ മാലകൾ വിൽപനയ്ക്ക് എത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വൈകാതെ ക്രൈംബ്രാഞ്ചിനു വിടുന്ന കാര്യവും പരിഗണനയിലാണ്.
നഷ്ടപ്പെട്ട സ്വർണത്തിന്റെ മൂല്യം 2 കോടി രൂപയെന്നത് പ്രാഥമിക കണക്കാണെന്നും മൂല്യം ഇതിലും അധികമാകാമെന്നും പൊലീസ് പറഞ്ഞു.
ശേഷിക്കുന്ന ആഭരണങ്ങൾ പൊലീസിന്റെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. കൊട്ടാരത്തെക്കുറിച്ചു ധാരണയുള്ളയാളാണ് രണ്ടാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽനിന്ന് ആഭരണം മോഷ്ടിച്ചത്.
സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള കൊട്ടാരത്തിൽ പുറത്തു നിന്നുള്ളവർക്ക് മോഷണം എളുപ്പമല്ലെന്ന് പൊലീസ് കരുതുന്നു. ആഭരണങ്ങൾ പലപ്പോഴായി കടത്തിയതാണെന്നും സംശയമുണ്ട്.
2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്ന് ഗൗരി ലക്ഷ്മിബായി പൊലീസിനോടു പറഞ്ഞു.
മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്ടമായവയിലുണ്ട്. കൊട്ടാരത്തിൽ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് മേധാവിക്കു പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.
സന്ദർശകരായെത്തിയ ചില യുട്യൂബർമാരെയും ചോദ്യംചെയ്യും. കൊട്ടാരത്തിന്റെ പ്രത്യേകതകൾ, പഴക്കമേറിയ കാറുകൾ, പൗരാണിക മൂല്യമുള്ള വസ്തുക്കൾ എന്നിവ കേന്ദ്രീകരിച്ച് ഇവർ ചിത്രീകരിച്ച വിഡിയോകളും പൊലീസ് ശേഖരിച്ചു.
2025 നവംബറിലാണ് മോഷണവിവരം രാജകുടുംബം അറിഞ്ഞത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് മോഷണം നടന്നതെന്ന് റിപ്പോർട്ടുണ്ട്.
എന്നാൽ, മാർച്ച് 13ന് മാത്രമാണ് കുടുംബം ഔദ്യോഗിക പരാതിയുമായി പൊലീസിനെ സമീപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

