നഗരഹൃദയത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിലെ മൃഗശാലയിൽ വർഷങ്ങളായി നവീകരണം തുടരുമ്പോഴാണ് പുതിയ ആശയവുമായി സർക്കാർ രംഗത്തെത്തുന്നത്.
പഴയ ഇരുമ്പു കൂടുകൾ മാറ്റി കൂടുതൽ വിശാലവും പ്രകൃതിദത്തവുമായ ആവാസവ്യവസ്ഥ ഒരുക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പുതിയ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കാൻ സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി സ്ഥലം കണ്ടെത്തൽ തന്നെയാണ്.
മൃഗങ്ങളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു പുറമേ വെറ്ററിനറി ആശുപത്രി, ക്വാറന്റീൻ കേന്ദ്രം, ഭക്ഷണ കേന്ദ്രം, ജീവനക്കാരുടെ സൗകര്യങ്ങൾ, പാർക്കിങ്, റോഡുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടി ഉൾപ്പെടുന്ന മാസ്റ്റർപ്ലാനാണ് വേണ്ടത്. മൃഗശാല മാറ്റത്തിന് 500 കോടിയെങ്കിലും സർക്കാർ ചെലവിടേണ്ടി വരും.
വന്യജീവികളോടു താൽപര്യമുണ്ടായിരുന്ന തിരുവിതാംകൂർ മഹാരാജാവ് സ്വാതി തിരുനാളിന്റെ കാലത്താണ് മൃഗങ്ങളെ എത്തിക്കുന്നതിന് തുടക്കമായത്. ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ പരിപാലിച്ചിരുന്നിടത്തേക്ക് പിന്നീട് കടുവ, പുള്ളിപ്പുലി, ചീറ്റ, മാൻ, കരടി, സിംഹം തുടങ്ങിയവയും എത്തി.
1855ൽ മ്യൂസിയത്തിനും മൃഗശാലയ്ക്കും ഔപചാരിക രൂപം ലഭിച്ചു. 1857ൽ മ്യൂസിയം ജനങ്ങൾക്കായി തുറന്നു.
1859ൽ മൃഗശാലയും പൊതുപാർക്കും സ്ഥാപിച്ചു. മൃഗശാല മാറ്റുന്നത് സംബന്ധിച്ച് നിർദേശം ലഭിച്ചിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ പി.എസ്.മഞ്ജുളാദേവി പ്രതികരിച്ചു.
നെടുമങ്ങാട്– അരുവിക്കര–വിതുര മേഖല, കാട്ടാക്കട–നെയ്യാർ മേഖല തുടങ്ങി നഗരത്തിനു പുറത്തുള്ള പ്രദേശങ്ങളിൽ സാധ്യതാപഠനം നടത്തേണ്ടി വരും. നെയ്യാർ വന്യജീവി സങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ച്, പേപ്പാറ വന്യജീവി സങ്കേതം എന്നീ മേഖലകൾ പരിഗണിക്കാൻ സാധ്യതയുണ്ട്.
128 ചതുരശ്ര കിലോമീറ്ററാണ് നെയ്യാർ വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിന്റെ വിസ്തൃതി 32 ചതുരശ്ര കിലോമീറ്ററും, പേപ്പാറ വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി 53 ചതുരശ്ര കിലോമീറ്ററുമാണ്.
സംരക്ഷിത വനമേഖലകളുടെ സമീപത്തേക്ക് വലിയൊരു സുവോളജിക്കൽ പാർക്ക് മാറ്റുന്നത് നിയമപരവും പാരിസ്ഥിതികവുമായ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും. തൃശൂർ മൃഗശാലയെ നഗരമധ്യത്തിൽ നിന്ന് 336 ഏക്കർ വിസ്തൃതിയുള്ള പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയതാണ് തിരുവനന്തപുരത്തിനു മുന്നിലെ മാതൃക.
ഏകദേശം 369 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. പഴയ മൃഗശാലയിലെ സ്ഥല പരിമിതിയും, മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കാനുള്ള പരിമിതിയുമാണ് മാറ്റത്തിനു പ്രധാന കാരണമായത്.
മൃഗശാല മാറ്റിയാൽ അതേ സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ പാർക്ക് മാതൃകയിൽ വികസിപ്പിക്കാമെന്ന ആശയമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ മുന്നോട്ടുവച്ചത്. ഏകദേശം 6 ഏക്കർ വിസ്തൃതിയുള്ള മാഡിസൺ സ്ക്വയർ പാർക്ക് വിശ്രമത്തിനും നടത്തത്തിനും പൊതുപരിപാടികൾക്കുമെല്ലാം ഉപയോഗിക്കുന്ന പ്രധാന പൊതുഇടമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

