
നഗരൂർ∙ പഞ്ചായത്തിലെ പൊയ്കവിള നന്തായ്വനം ശിവൻമുക്ക് റോഡിന്റെ നവീകരണം പൈപ്പിൽ തട്ടി നിലച്ചിട്ട് മാസങ്ങളായി. മെറ്റലും ടാറും ഇളകി റോഡ് പൂർണമായും തകർന്നതു കാരണം ദുരിതത്തിലായത് ജനങ്ങളും .കാൽനട
പോലും അസാധ്യമായ റോഡ് തകർന്നിട്ട് വർഷങ്ങളായി. ജല അതോറിറ്റി പൈപ്പ് ഇട്ടതിനു ശേഷം ടാറിങ് നടത്താൻ കരാറുകാരൻ, ടാറിങ് നടത്തിയിട്ട് റോഡ് വെട്ടി പൊളിച്ച് പൈപ്പ് ഇടാൻ ജല അതോറിറ്റി, ഇതിനിടയിൽ ദുരിതത്തിലായതു ജനങ്ങൾ. റോഡ് തകർന്ന് ദുരിതത്തിലായ പ്രദേശവാസികൾ 2023 സെപ്റ്റംബറിൽ നന്തായ്വനം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റിലേ സത്യഗ്രഹ സമരം നടത്തിയിരുന്നു. 23 ദിവസം സത്യഗ്രഹ സമരം നടന്നു.
സമരം നടന്ന നാളിൽ ഒ.എസ്.അംബിക എംഎൽഎ സമര പന്തലിൽ എത്തി റോഡ് നവീകരിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് നൽകിയാണ് സമരം അവസാനിച്ചത്. 2024 മാർച്ചിൽ ബജറ്റ് ഫണ്ടിൽ റോഡ് നവീകരണത്തിനു 2 കോടി രൂപ അനുവദിച്ചു.
2025 ഏപ്രിൽ 26 നിർമാണം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇതിനു ശേഷം ശിവൻമുക്കിൽ നിന്നു റോഡ് പണി ആരംഭിച്ചു. ഏകദേശം ഒരു കിലോമീറ്റർ ദൂരം റോഡ് വെട്ടിയിളക്കി മെറ്റലും നിരത്തി.
റോഡ് നവീകരണ പണികൾ 3 മാസം മുൻപാണ് നിർത്തി വച്ചത്.ജല അതോറിറ്റി അരത്തകണ്ഠൻ കുളത്തിനു സമീപം പട്ടക്കുടി വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ഇട്ട ശേഷം അവരും പണി നിർത്തി.
ഇനി പൈപ്പ് വന്നാൽ മാത്രമേ പണി നടത്താൻ കഴിയൂ എന്നാണ് പൈപ്പ് ഇടുന്നവർ പറയുന്നത്. ഒന്നര കിലോമീറ്റർ ദൂരത്തിൽ ഇനി ഇരുമ്പ് പൈപ്പിടണം. സാമ്പത്തിക പ്രശ്നമാണ് പൈപ്പ് ഇടുന്ന പണി നിർത്തി വയ്ക്കാൻ കാരണമായത്.
നഗരൂർ പഞ്ചായത്തിലെ 11, 13, 15, 17 വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡിന് രണ്ടര കിലോമീറ്റർ ദൂരം ഉണ്ട്.
ഓരോ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഇതു വഴി സർവീസ് നടത്തുന്നു.ചെമ്മരത്തുംമുക്ക് കല്ലമ്പലം റോഡിനെയും, നഗരൂർ കല്ലമ്പലം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും തകർന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥയാണ് ഉള്ളത്. റോഡിന്റെ നവീകരണ പണി നടത്താൻ ജലഅതോറിറ്റി പൈപ്പ് ഇടണം, പൈപ്പ് ഇടാൻ അതോറിറ്റിക്ക് സാമ്പത്തിക പ്രശ്നം തടസ്സമാകുന്നു. ഈ അവസ്ഥയിൽ ശിവൻമുക്ക് നന്തായ്വനം പൊയ്കവിള റോഡ് നവീകരണം അനന്തമായി നീളുന്നു എന്നാണ് ജനങ്ങളുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]