തിരുവനന്തപുരം∙ ടെക്നോപാർക്കിലും കൊച്ചിൻ ഇൻഫോപാർക്കിലും അനുബന്ധ ഹോസ്റ്റലുകളിലും നിലനിൽക്കുന്ന വാണിജ്യ പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (AIPC) സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ അഭിപ്രായപ്പെട്ടു.
‘നിലവിൽ ആശുപത്രികൾക്ക് പാചകവാതക വിതരണത്തിൽ മുൻഗണന നൽകുന്നതുപോലെ തന്നെ, ലക്ഷക്കണക്കിന് പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന ടെക്നോപാർക്കും ഇൻഫോപാർക്കും പോലുള്ള വ്യവസായ കേന്ദ്രങ്ങളും സമാനമായ പരിഗണന അർഹിക്കുന്നുണ്ട്. ഒരാഴ്ചയായി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഐടി പാർക്കിനുള്ളിലെ കഫറ്റീരിയകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു.
ഇത് വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഭക്ഷണ സൗകര്യങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ടെക്നോപാർക്കിലെ ഭൂരിഭാഗം ജീവനക്കാരും താമസിക്കുന്ന ഹോസ്റ്റലുകളിലും പിജി സംവിധാനങ്ങളിലും സമാനമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ, അയൽസംസ്ഥാനമായ കർണാടക ഐടി പാർക്കുകൾക്കായി പ്രത്യേക പാചകവാതക വിതരണ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് മാതൃകയാക്കാവുന്നതാണ്.
ഒന്നുകിൽ ഇത്തരം പ്രത്യേക വിതരണ സംവിധാനങ്ങൾ സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കണം, അല്ലെങ്കിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (WFH) സൗകര്യം കമ്പനികൾ ഒരുക്കണം, അദ്ദേഹം വ്യക്തമാക്കി. നാടിന്റെ സാമ്പത്തിക ഭദ്രതയിൽ വലിയ പങ്കുവഹിക്കുന്ന ഇത്തരം വ്യവസായ സ്ഥാപനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രഞ്ജിത്ത് ബാലൻ ഓർമിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

