കാട്ടാക്കട ∙ പട്ടണത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ട്രാഫിക് മോണിറ്ററിങ് കമ്മിറ്റിയെടുത്ത തീരുമാനങ്ങൾ കടലാസിലൊതുങ്ങി.
പൊലീസും പഞ്ചായത്ത്,മരാമത്ത് അധികൃതരും കണ്ണടച്ചതോടെ അനധികൃത പാർക്കിങും വഴിയോര കച്ചവടങ്ങളും വീണ്ടും പട്ടണത്തെ വീർപ്പ് മുട്ടിക്കുന്നു.
വൈദ്യുതി ബോർഡ് ഓഫിസിനു മുന്നിൽ വഴി മുടക്കി കൂട്ടിയിരിക്കുന്ന പോസ്റ്റുകൾ നീക്കാനൊ അനധികൃത വഴിയോര കച്ചവടം അവസാനിപ്പിക്കാനൊ നടപടിയില്ല. പഞ്ചായത്ത് നോട്ടിസ് നൽകിയിട്ടും ബോർഡ് അധികൃതർക്ക് ഒരു കുലുക്കവുമില്ല.
ബിഎസ്എൻഎൽ അധികൃതർ നടപടി തുടങ്ങുകയും ചെയ്തു. കാൽനട
യാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥ സംജാതമായതോടെ അപകടങ്ങൾ പതിവായി.
പൊലീസ് സ്ഥാപിച്ചിട്ടുള്ള നോ പാർക്കിങ് ബോർഡുകൾ നോക്കുകുത്തിയാക്കി അനധികൃത പാർക്കിങ് വർധിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ വച്ച് ഉടമകൾ ദീർഘ യാത്രക്ക് പോകുന്നത് കച്ചവടത്തിനും ഭീഷണിയായി.പട്ടണ റോഡുകൾക്ക് ഇരുവശവുമുള്ള ഉപയോഗ ശൂന്യമായ ടെലിഫോൺ പോസ്റ്റുകളും പില്ലറുകളും നീക്കാനുള്ള നടപടി തുടങ്ങി.
പഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ് കുമാർ,മരാമത്ത് അസി.എൻജിനീയർ റോഷൻ,ജെടിഒ അഖില എസ്.കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ സംയുക്ത പരിശോധന നടന്നു.
വഴി മുടക്കി 68 പോസ്റ്റുകളും 33പില്ലറുകളും ഉള്ളതായി കണ്ടെത്തി. 12 പോസ്റ്റുകളും 2 പില്ലറുകളും ഇന്നലെ തന്നെ നീക്കി.
ശേഷിക്കുന്നത് 31നകം നീക്കും.
വൈദ്യുതി ബോർഡ് ഓഫിസിനു മുന്നിലുള്ള ഉപയോഗ ശൂന്യമായ പോസ്റ്റുകൾ നീക്കാൻ പഞ്ചായത്ത് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ ബോർഡ് അധികൃതർ ഒന്നും ചെയ്തില്ല. ട്രാഫിക് മോണിറ്ററിങ് സമിതി പാർക്കിങ്ങിനായി നിശ്ചയിച്ച സ്ഥലത്താണ് പോസ്റ്റുകൾ കൂട്ടിയിരിക്കുന്നത്. ബോർഡ് ഓഫിസിൽ വരുന്നവർക്ക് പോലും വാഹനം പാർക്ക് ചെയ്യാൻ കഴിയില്ല.
പൊലീസ് സ്റ്റേഷനു മുന്നിൽ നടപ്പാതയിൽ കേസിൽപെട്ട വാഹനങ്ങളും ഉണ്ട്.
പാർക്കിങ്ങിന് സൗകര്യം ഒരുക്കാനും നോ പാർക്കിങ് ഏരിയയിലെ അനധികൃത പാർക്കിങ് അവസാനിപ്പിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോളജ് ജംക്ഷൻ മുതൽ ചൂണ്ടുപലക വരെ റോഡ് നവീകരണം അന്തിമ ഘട്ടത്തിലാണ്. വികസനം പൂർത്തിയാകുന്നതോടെ ഇവിടെയും പാർക്കിങ്ങിനു സ്ഥലം ലഭിക്കും.
ഇത് പ്രയോജനപ്പെടുത്താൻ പൊലീസ്,പഞ്ചായത്ത്,മരാമത്ത് അധികൃതർ ശ്രദ്ധ ചെലുത്തണം. നടപ്പാത കളിലേക്കുള്ള ഇറക്കുകളും അനധികൃത ഫ്ലെക്സ് ബോർഡുകൾ ഉൾപ്പെടെ നീക്കാനുള്ള അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നു
∙ റോഡരികിൽ കൂട്ടിയിരിക്കുന്ന ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റുകൾ ലേലം ചെയ്യാനുള്ള നടപടി ആരംഭിച്ചതായി വൈദ്യുതി ബോർഡ് ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
സ്ഥല പരിമിതിയാണ് റോഡരികിൽ കൂട്ടിയിടാൻ കാരണം. സ്ഥലം കണ്ടെത്തി പോസ്റ്റ് മാറ്റാനുള്ള നടപടി തുടങ്ങിയെന്നും,പഞ്ചായത്തിന്റെ നോട്ടിസിനു മറുപടി നൽകിയെന്നും ഡപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

