കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സൗജന്യയാത്ര വാഗ്ദാനം പാലിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാരുടെ നടപടി.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രകടനമായെത്തിയ പ്രവർത്തകർ ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചതോടെ, ബസിലുണ്ടായിരുന്ന കണ്ടക്ടർ നീത അശോകൻ 22 പ്രവർത്തകർക്കും ടിക്കറ്റുകൾ നൽകി.
എന്നാൽ, ഈ ടിക്കറ്റുകൾക്ക് പണം നൽകാൻ പ്രവർത്തകർ തയ്യാറായില്ല. ടിക്കറ്റ് നൽകാതെ ബസിനുള്ളിൽ യാത്ര അനുവദിച്ചാൽ തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും അതിനാലാണ് 22 പേർക്കും ആറ്റിങ്ങലിലേക്കുള്ള ടിക്കറ്റ് നൽകിയതെന്നും കണ്ടക്ടർ നീത അശോകൻ പറഞ്ഞു.
ബസ് തമ്പാനൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങിപ്പോകാൻ സ്റ്റേഷൻ മാസ്റ്ററും പൊലീസും ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടർന്നു. യാത്രയ്ക്കിടെ മറ്റു യാത്രക്കാരെയും ടിക്കറ്റ് എടുക്കാതെ സഞ്ചരിക്കാൻ പ്രവർത്തകർ പ്രേരിപ്പിച്ചതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പിഎംജി ജംക്ഷനിൽ വെച്ച് മ്യൂസിയം പൊലീസെത്തി ഇടപെട്ടതിനെത്തുടർന്നാണ് പ്രതിഷേധക്കാർ ബസിൽ നിന്ന് ഇറങ്ങാൻ തയ്യാറായത്. 22 പേരുടെ ടിക്കറ്റുകളുടെ തുകയായ 840 രൂപ കണ്ടക്ടർ സ്വന്തം കയ്യിൽനിന്ന് അടച്ചെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മഹിളാമോർച്ച സംസ്ഥാനവ്യാപകമായി ടിക്കറ്റ് എടുക്കാതെ യാത്ര നടത്തിയത്. സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, ജനറൽ സെക്രട്ടറി സിനി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ പ്രതിഷേധ പരിപാടികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

