തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണം, പാലക്കാട് ബൈപാസ്, അങ്കമാലി– എരുമേലി ശബരി പാത എന്നിവയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ റവന്യു വകുപ്പ് വൈകിപ്പിക്കുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരം കൂടുതലായതിനാൽ പുതിയ സ്പെഷൽ ഓഫിസുകൾ തുറക്കണമെന്ന് ബന്ധപ്പെട്ട കലക്ടർമാർ റവന്യു വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഈ ശുപാർശകളും ഫലവത്തായില്ല. ആലപ്പുഴ വഴിയുള്ള രണ്ടാംപാത നിർമാണത്തിന് റെയിൽവേ അമ്പലപ്പുഴ മുതൽ തുറവൂർ വരെ എല്ലാ റീച്ചുകളിലും കരാർ ക്ഷണിച്ചിട്ടുണ്ട്.
പദ്ധതി കഴിവതും വേഗം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ലഭ്യമായ ഭൂമിയിൽ പണികൾ ചെയ്യാനും പാലങ്ങളുടെ നിർമാണം ആദ്യം നടത്താനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
എന്നാൽ, ലഭ്യമായ ഭൂമിയിലെ പണികൾ തീരുന്ന മുറയ്ക്ക് ബാക്കി ഭൂമി കൈമാറിയില്ലെങ്കിൽ പദ്ധതി വൈകാൻ ഇടയാക്കും. പാലക്കാട്–പറളി ബൈപാസിനായി വളരെ കുറച്ചു ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്.
അതേസമയം, അങ്കമാലി–എരുമേലി ശബരി പാതയ്ക്കായി സർക്കാരിന്റെ അന്തിമ നിലപാട് കാത്തിരിക്കുകയാണ് റവന്യു വകുപ്പ്. പദ്ധതിയുടെ ഫയലിൽ ഈ കാരണത്താൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
ദേശീയപാത ആറു വരിയാക്കുന്നതിന്റെ ഭൂമിയേറ്റെടുക്കൽ പൂർത്തിയായതോടെ, വിവിധ എൽഎ യൂണിറ്റുകളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ റെയിൽവേ പദ്ധതികൾക്കു ഭൂമിയേറ്റെടുക്കാൻ നിയോഗിക്കാൻ സാധിക്കുമെങ്കിലും ആ ദിശയിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. എൽഡിഎഫ് സർക്കാർ ശബരി പാതയുടെ ചെലവു പങ്കിടാൻ അവസാന കാലത്ത് തീരുമാനമെടുത്തെങ്കിലും, പകുതി തുക കിഫ്ബി വഴി നൽകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളിലൊന്നിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ തീരുമാനമില്ലാത്തതു മൂലം ശബരി പാത ഉൾപ്പെടെ ഒട്ടേറെ പ്രധാന പദ്ധതികൾ സംസ്ഥാനത്ത് വലിയ പ്രതിസന്ധിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

