തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതയായ പവർഹൗസ് റോഡിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങൾ വീണ്ടും സജീവമാകുന്നതായി പരാതി. സുരക്ഷ ശക്തമാക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ പിടിച്ചുപറി സംഘത്തിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കഴിഞ്ഞ ശനിയാഴ്ച രാത്രി തലസ്ഥാനത്ത് എത്തിയ കണ്ണൂർ സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ബവ്റിജസ് ഔട്ട്ലെറ്റിൽനിന്നു പുറത്തിറങ്ങിയ വ്യക്തിയുടെ മദ്യക്കുപ്പി അക്രമി സംഘം ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.
തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗും പണവും തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സംഘം യാത്രക്കാരനെ ആക്രമിക്കുകയും ചെയ്തു. ഈ സംഭവത്തിന് ദൃക്സാക്ഷിയായ വേങ്കോട് സ്വദേശി അനിൽ ആണ് സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിട്ടത്.
എന്നാൽ, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും തങ്ങൾക്ക് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് നിലപാട്. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം സംബന്ധിച്ച മാധ്യമ വാർത്തകളെ തുടർന്ന് കഴിഞ്ഞയാഴ്ച മുതൽ ഈ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ.ആർ.ബി.കൃഷ്ണ വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനെയും കിഴക്കേക്കോട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന പവർഹൗസ് റോഡിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ഫോർട്ട്, തമ്പാനൂർ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരുമായി സിറ്റി പൊലീസ് കമ്മിഷണർ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷ കൂട്ടാനും രാത്രികാല പെട്രോളിങ് ശക്തമാക്കാനും തീരുമാനമെടുത്തിരുന്നു.
ഇതിനിടയിലാണ് യാത്രക്കാരന് നേരെ വീണ്ടും പിടിച്ചുപറി സംഘത്തിന്റെ ആക്രമണ ശ്രമം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

